ജനാധിപത്യം തടങ്കലിലായ നാളുകൾ, ചരിത്രത്തിലെ കറുത്ത കാലഘട്ടം; അടിയന്തരാവസ്ഥയുടെ ഓർമകൾക്ക് അമ്പതാണ്ട്

ഒറ്റരാത്രികൊണ്ട് രാജ്യം ഒരു ജയിലായി മാറിയ ചരിത്രമാണ് അടിയന്തരാവസ്ഥയുടേത്

dot image

1975 ജൂണ് 12. അലഹബാദ് ഹൈക്കോടതിയില് നിന്നൊരു സുപ്രധാന വിധി വന്നു, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയിരിക്കുന്നു. ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ഇന്ദിരയെ വിലക്കിയാണ് വിധി. തനിക്കെതിരായ വിധി വന്നതിന്റെ പതിമൂന്നാം നാള്, അതായത് 1975 ജൂൺ 25ന് ഇന്ദിരയുടെ ശുപാര്ശയില് രാഷ്ട്രപതി ഫക്രുദീന് അലി അഹമ്മദിന്റെ ഒറ്റവരി ഉത്തരവെത്തി. രാജ്യത്ത് അടിയന്തരാവസ്ഥ !

ഒറ്റരാത്രികൊണ്ട് രാജ്യം ഒരു ജയിലായി മാറിയ ചരിത്രമാണ് അടിയന്തരാവസ്ഥയുടേത്. പൗരാവകാശങ്ങള് അസാധുവായി. സകല അധികാരങ്ങളും ഇന്ദിര എന്ന ഒരൊറ്റ വ്യക്തിയില് കേന്ദ്രീകരിച്ചു. തിരഞ്ഞെടുപ്പുകള് റദ്ദാക്കപ്പെട്ടു. പത്രങ്ങള്ക്ക് മേല് സെന്സര്ഷിപ്പ് ഏര്പ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി.

ജയപ്രകാശ് നാരായണ്, രാജ് നാരായണ്, മൊറാര്ജി ദേശായി, ചൗധരി ചരണ്സിങ്, ജെ.ബി. കൃപലാനി, അടല് ബിഹാരി വാജ്പേയി, ജോര്ജ് ഫെര്ണാണ്ടസ്, ലാല് കൃഷ്ണ അദ്വാനി, സീതാറാം യെച്ചൂരി, വിഎസ് അച്യുതാനന്ദൻ, പിണറായി വിജയന് എന്നിങ്ങനെ ആ പട്ടിക നീണ്ടുകിടന്നു. കേരളത്തെ നടുക്കിയ രാജന് കൊലപാതകമടക്കം പല ക്രൂരതകള്ക്കും രാജ്യം സാക്ഷിയായി.

ഇന്ത്യന് യൗവ്വനം പക്ഷേ കാഴ്ച്ചക്കാരായി നിന്നില്ല. തെരുവുകളില് ഇന്ത്യയെന്നാല് ഇന്ദിരയല്ലെന്നും ഇന്ദിരയെന്നാല് ഇന്ത്യയല്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയര്ന്നു. ഒടുക്കം 643 ദിവസം നീണ്ടുനിന്ന ആ ഇരുണ്ട കാലത്തിന് ഇന്ദിര തന്നെ വിരാമമിട്ടു. 1977 ല് അടിയന്തരാവസ്ഥ പിന്വലിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. ഇന്ദിരാ ഗാന്ധി റായ്ബറേലിയിലും മകന് സഞ്ജയ് ഗാന്ധി അമേഠിയിലും പരാജയപ്പെട്ടു. മൊറാര്ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്ട്ടിയെ അധികാരത്തിലേറ്റി രാജ്യം ഇന്ദിരയോട് പ്രതികാരം വീട്ടി.

അധികാരശക്തികളാൽ പൗരസ്വാതന്ത്ര്യം എങ്ങനെ അട്ടിമറിക്കപ്പെടാം എന്നതിന്റെ ചരിത്രപാഠമായി അടിയന്തരാവസ്ഥയുടെ ഓര്മകളിന്ന് അമ്പതാണ്ട് കുറിക്കുകയാണ്.

dot image
To advertise here,contact us
dot image