അമൃത്സര്: പഞ്ചാബില് ബിജെപി തങ്ങളെ തകര്ക്കാന് നോക്കുന്നുവെന്ന ആരോപണമുന്നയിച്ച് അകാലി ദള്. ബിജെപിയുടെ കൈയ്യാളുകള് പാര്ട്ടിയെ തകര്ക്കാന് നോക്കുകയാണെന്ന് അകാലിദള് എംപി ഹര്സിമ്രത്ത് കൗര് ബാദല് ആരോപിച്ചു. പാര്ട്ടി സംസ്ഥാന അദ്ധ്യക്ഷന് സുഖ്ബീര് സിംഗ് ബാദലിനെതിരെ അഞ്ച് പാര്ട്ടി നേതാക്കള് വിമര്ശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഹര്സിമ്രത്ത് കൗര് ബാദലിന്റെ പ്രതികരണം.
അവര് മഹാരാഷ്ട്രയില് എന്താണോ ചെയ്തത് അത് തന്നെയാണ് ഇവിടെയും ചെയ്യാന് ശ്രമിക്കുന്നത്. അകാലിദള് ഒറ്റക്കെട്ടാണ്. അവര് പരാജയപ്പെടും. 117 നേതാക്കളില് അഞ്ച് നേതാക്കള് മാത്രമാണ് സുഖ്ബീര് സിംഗ് ബാദലിനെതിരെ നില്ക്കുന്നത്. 112 നേതാക്കളും പാര്ട്ടിയോടൊപ്പവും സുഖ്ബീര് സിംഗ് ബാദലിനൊപ്പവുമാണെന്നും ഹര്സിമ്രത്ത് കൗര് ബാദല് പറഞ്ഞു.
അകാലി ദള് പ്രമേയവും പാസ്സാക്കി. 'സംസ്ഥാന അദ്ധ്യക്ഷന് നിരാശരായ രാഷ്ട്രീയ നേതാക്കളോട് മഹാരാഷ്ട്രയില് നിന്ന് പഠിക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി പ്രാദേശിക പാര്ട്ടിയെ പിളര്ത്തി. പക്ഷെ ജനങ്ങള് ഉണ്ടാക്കിയെടുത്തതിനെ തള്ളിക്കളഞ്ഞു.', പ്രമേയത്തില് പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില് പരാജയമേറ്റു വാങ്ങിയതിനെ തുടര്ന്ന് മുതിര്ന്ന നേതാക്കളായ പര്മീന്ദര് സിംഗ്, ബിദി ജഗര് കൗര് ഉള്പ്പെടെയാണ് നേതാക്കളാണ് സുഖ്ബീര് സിംഗ് ബാദലിനെതിരെ രംഗത്തെത്തിയത്. സുഖ്ബീര് സിംഗ് ബാദലിന്റെ രാജി ഉള്പ്പെടെ ഇവര് ആവശ്യപ്പെട്ടിരുന്നു.