ന്യൂഡൽഹി: എജ്യു-ടെക് സ്ഥാപനമായ ബൈജൂസിനെതിരായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് വ്യക്തമാക്കി കോർപ്പറേറ്റ് കാര്യ മന്ത്രാലയം(എംസിഎ). ബൈജു രവീന്ദ്രനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സർക്കാർ പിന്വലിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായാണ് എംസിഎ ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. അത്തരം റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്നുവെന്ന് എംസിഎ പറഞ്ഞു.
2013-ലെ കമ്പനി ആക്ട് പ്രകാരം എംസിഎ ആരംഭിച്ച നടപടികൾ ഇപ്പോഴും തുടരുകയാണെന്നും ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തേണ്ടതില്ലെന്നും പ്രസ്താവനയിൽ പറയുന്നു. വരുമാനം പെരുപ്പിച്ചുകാണിച്ചതിനെ തുടർന്നാണ് ബൈജൂസ് ലേണിംഗ് ആപ്പ് പ്രതിസന്ധിയിലായത്. ചെലുവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നിരവധി ജീവനക്കാരെയാണ് കമ്പനി പല ഘട്ടങ്ങളിലായി പുറത്താക്കിയത്.
കൊവിഡ് അവസാനിച്ച് സ്കൂളുകൾ തുറന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രസക്തി കുറഞ്ഞതോടെയാണ് ബൈജൂസ് കുടുങ്ങിയത്. ഇതിനിടെ ഉയർന്ന മൂല്യത്തിൽ മൂലധനം സ്വരൂപിക്കുന്നതിനായി വരുമാനം പെരുപ്പിച്ച് കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. വിദേശ പണമിടപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ എൻ്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് കൂടിയായതോടെ കമ്പനിയുടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.