ഒരു ദശകത്തിന് ശേഷം പ്രതിപക്ഷത്തിന് ഒരു നേതാവ്; രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്ന ഭരണഘടനാ ചുമതലകൾ

നേരത്തെ രാഹുല് ഗാന്ധിയുടെ മാതാപിതാക്കളായ സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും പ്രതിപക്ഷ നേതൃപദവി വഹിച്ചിരുന്നു

dot image

പത്ത് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ലോക്സഭയ്ക്ക് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരിക്കുന്നു. 2014ലും 2019ലും ഏറ്റവും കൂടുതല് അംഗങ്ങളുള്ള രണ്ടാമത്തെ പാര്ട്ടിയായിരുന്നെങ്കിലും ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാനുള്ള അംഗസംഖ്യ കോണ്ഗ്രസിനുണ്ടായിരുന്നില്ല. ആകെയുള്ള ലോക്സഭാ സീറ്റിന്റെ 10 ശതമാനം അംഗസംഖ്യയുണ്ടെങ്കില് മാത്രമേ പ്രതിപക്ഷ നേതൃപദവി അവകാശപ്പെടാനാവൂ. ഒരു പ്രതിപക്ഷ പാര്ട്ടിക്ക് പ്രതിപക്ഷ നേതൃപദവി അവകാശപ്പെടണമെങ്കില് കുറഞ്ഞത് 55 അംഗങ്ങളെങ്കിലും ലോക്സഭയില് വേണം.

2014ല് ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായി മാറിയെങ്കിലും കോണ്ഗ്രസിന് ലോക്സഭയില് ഉണ്ടായിരുന്നത് 44 അംഗങ്ങളായിരുന്നു. 2019ല് കോണ്ഗ്രസിന്റെ അംഗസംഖ്യ 52 ആയിരുന്നു. 2014ല് പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടിയുള്ള കോണ്ഗ്രസിന്റെ ആവശ്യം സ്പീക്കറായിരുന്ന സുമിത്ര മഹാജന് നിരസിച്ചിരുന്നു. ഇത്തവണ 99 സീറ്റുമായാണ് കോണ്ഗ്രസ് പ്രതിപക്ഷ നേതൃപദവിയ്ക്ക് അര്ഹരായിരിക്കുന്നത്. രാഹുല് ഗാന്ധി പ്രതിപക്ഷ നേതാവായി വരുമ്പോള് ഭരണഘടനാ പദവിയുടെ അധികാരങ്ങളും കരഗതമാകും.

പാര്ലമെന്റ് ആക്ട് 1977 പ്രകാരം വേതനവും ആനുകൂല്യങ്ങളും ലഭ്യമാകുന്ന നിയമപരമായ പദവിയാണ് പ്രതിപക്ഷ നേതൃപദവി. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ പ്രതിപക്ഷ നേതൃപദവി സുപരിചിതമാണ്. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഡോ. രാം സുബാഹ് സിങ്ങാണ്. 1969 മുതല് 1971വരെയാണ് അദ്ദേഹം പദവിയില് ഉണ്ടായിരുന്നത്.

ഇന്ത്യയുടെ പാര്ലമെന്ററി ജനാധിപത്യത്തില് പ്രതിപക്ഷ നേതാവിന് സവിശേഷമായ റോളാണ് കല്പ്പിക്കപ്പെടുന്നത്. പാര്ലമെന്ററി നടപടികളില് പ്രതിപക്ഷ നേതാവ് നിര്ണായക പങ്ക് വഹിക്കുന്നു. കേന്ദ്രസര്ക്കാരിന്റെ പ്രവര്ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനുണ്ട്. വൈവിധ്യമാര്ന്ന വീക്ഷണങ്ങള് പരിഗണിക്കപ്പെടുന്നുവെന്നും ഇതര വീക്ഷണങ്ങള് പ്രതിനിധീകരിക്കപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് ഉറപ്പാക്കുന്നു.

പ്രതിപക്ഷ നേതാവിനെ പലപ്പോഴും 'ഷാഡോ പ്രധാനമന്ത്രി' എന്ന് വിളിക്കാറുണ്ട്. പ്രധാനമന്ത്രി നേതൃത്വം നല്കുന്ന മന്ത്രിസഭയുടെ റോളുകളെ പ്രതിഫലിപ്പിക്കുന്ന പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടം ഉള്ക്കൊള്ളുന്ന ഒരു ഷാഡോ ക്യാബിനറ്റും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില് രൂപപ്പെടാറുണ്ട്. നിലവിലുള്ള സര്ക്കാര് വീണാല് ഭരണം പിടിക്കാന് ഒരുങ്ങുകയാണ് ഈ ഷാഡോ ക്യാബിനറ്റ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില് പ്രധാന ഉദ്യോഗസ്ഥരുടെ നിയമനത്തില് രാഹുല് ഗാന്ധിക്ക് അഭിപ്രായം പറയാം. പബ്ലിക് അക്കൗണ്ട്സ്, പബ്ലിക് അണ്ടര്ടേക്കിംഗുകള്, എസ്റ്റിമേറ്റ്സ്, നിരവധി ജോയിന്റ് പാര്ലമെന്ററി കമ്മിറ്റികള് തുടങ്ങി നിര്ണായക സമിതികളിലും രാഹുല് ഗാന്ധി അംഗമായിരിക്കും.

സെന്ട്രല് വിജിലന്സ് കമ്മീഷന്, സെന്ട്രല് ഇന്ഫര്മേഷന് കമ്മീഷന്, സെന്ട്രല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന്, നാഷണല് ഹ്യൂമന് റൈറ്റ്സ് കമ്മീഷന് ഓഫ് ഇന്ത്യ, ലോക്പാല് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെ തലവന്മാരെ നിയമിക്കുന്നതിനായി രൂപീകരിച്ച വിവിധ സെലക്ഷന് കമ്മിറ്റികളിലും രാഹുല് ഗാന്ധി അംഗമായിരിക്കും.

ലോക്സഭയില് പ്രതിപക്ഷ നേതാവാകുന്ന ഗാന്ധി കുടുംബത്തിലെ മൂന്നാമത്തെ അംഗമാണ് രാഹുല് ഗാന്ധി. നേരത്തെ രാഹുല് ഗാന്ധിയുടെ മാതാപിതാക്കളായ സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും പ്രതിപക്ഷ നേതൃപദവി വഹിച്ചിരുന്നു. ഇതു ഇന്ത്യയുടെ പാര്ലമെന്ററി ചരിത്രത്തിലെ അപൂര്വ്വതയാണ്.1989-90 കാലയളവിലാണ് രാജീവ് ഗാന്ധി പ്രതിപക്ഷ നേതൃപദവി വഹിച്ചത്. 1999-2004ല് സോണിയ ഗാന്ധിയും പ്രതിപക്ഷ നേതൃപദവി വഹിച്ചിരുന്നു.

dot image
To advertise here,contact us
dot image