ന്യൂഡൽഹി: അടിയന്തരാവസ്ഥക്കെതിരെ സ്പീക്കർ നടത്തിയ പ്രസംഗത്തിന് പിന്നാലെ ലോകസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇന്ദിരാ ഗാന്ധി ഏകാധിപത്യപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും പ്രതിപക്ഷ നേതാക്കളെ അന്യമായി ജയിലിൽ അടച്ചുവെന്നും ഓം ബിർള പറഞ്ഞു. ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അടിയന്തരാവസ്ഥ കറുത്ത അധ്യായമാണെന്നും കോൺഗ്രസ് സർക്കാർ ഭരണഘടനാ വിരുദ്ധമായ നടപടികൾ സ്വീകരിച്ചുവെന്നുമുള്ള വാക്കുകളാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്.
18ാം ലോക്സഭ പുതിയ കാഴ്ചപ്പാടോടെ പ്രവർത്തിക്കണമെന്ന് പ്രസംഗത്തിൽ ഓം ബിർള പറഞ്ഞു. ക്രിയാത്മകമായ ചിന്തകൾ ഉയർന്ന് വരണം. വികസിത ഭാരതം എന്ന സങ്കല്പം സാക്ഷാത്കരിക്കാൻ പ്രയത്നിക്കാം. രാജ്യ താൽപര്യത്തിനും ജനനന്മയ്ക്കുമായി സഭ നിയമനിർമാണങ്ങൾ നടത്തണം. രാഷ്ട്രീയ വിചാരധാരയ്ക്ക് അപ്പുറം രാജ്യമാണ് പ്രധാനമെന്നും ഓം ബിർള പറഞ്ഞു.
37 വർഷങ്ങൾക്ക് ശേഷം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ഓം ബിർള വിജയിക്കുകയായിരുന്നു. പ്രതിപക്ഷ സ്ഥാനാർത്ഥി, എംപി കൊടിക്കുന്നിൽ സുരേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശബ്ദവോട്ടോടെയായിരുന്നു ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ അദ്ദേഹത്തെ സ്പീക്കറുടെ ചേമ്പറിലേക്ക് ആനയിച്ചു. തുടർന്ന് ഓം ബിർളയെ ആശംസിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും സംസാരിച്ചു.
ഓം ബിര്ള സ്പീക്കറായത് സഭയുടെ ഭാഗ്യമെന്നും നവാഗത എംപിമാര്ക്ക് ഓം ബിര്ള പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തിന്റെ ശബ്ദം ഇന്ത്യയുടെ ശബ്ദമാണെന്നും അത് ലോക്സഭയിൽ ഉയരാൻ അനുവദിക്കണമെന്നുമായിരുന്നു അനുമോദന പ്രസംഗത്തിലെ രാഹുലിന്റെ വാക്കുകൾ.
രാജസ്ഥാനിലെ കോട്ടയില് നിന്ന് മത്സരിച്ച് വിജയിച്ചാണ് ഓം ബിര്ള ലോക്സഭയിലെത്തുന്നത്. ഇത് തുടര്ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. 17ാം ലോക്സഭയില് 146 എംപിമാരെ സസ്പെഡ് ചെയ്ത ഓം ബിര്ളയുടെ നടപടി വിവാദമായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ ഉയര്ന്നിരുന്നു. മഹുവ മൊയ്ത്രയ്ക്കെതിരായ നടപടിക്ക് അനുമതി നല്കിയത് ഓം ബിര്ളയായിരുന്നു.