അയോധ്യ : അയോധ്യയിൽ 650 കോടി രൂപ ചെലവിൽ ക്ഷേത്രങ്ങൾക്കായി മ്യൂസിയം നിർമ്മിക്കാനുള്ള ടാറ്റാ സൺസിന്റെ നിർദ്ദേശത്തിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകി. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളുടെ ആർക്കിടെക്ചറുകളുടെ ചരിത്രം വിശദീകരിക്കുന്നതാവും മ്യൂസിയം. അന്തരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാണ് നിർമ്മിക്കുന്നത്. ആവശ്യമായ ഭൂമി ഉത്തർപ്രദേശ് വിനോദ സഞ്ചാര വകുപ്പ് ഒരു രൂപ സൂചനത്തുകയായി സ്വീകരിച്ച് 90 വർഷത്തെ പാട്ടത്തിന് നൽകുമെന്ന് ടൂറിസം മന്ത്രി ജയ്വീര് സിങ് പറഞ്ഞു.
ടാറ്റാ സൺസിന്റെ സിഎസ്ആർ ഫണ്ടിന് കീഴിലാണ് മ്യൂസിയം നിർമ്മിക്കുന്നത്. പൈതൃക കെട്ടിടങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകിയതായും ജയ്വീര് സിങ് പറഞ്ഞു. മ്യൂസിയത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പടെ ഉണ്ടാവും. ഇതിനൊപ്പം 100 കോടി മുടക്കി ക്ഷേത്രനഗരത്തിന്റെ വികസനപ്രവർത്തനങ്ങളും ടാറ്റ സൺസ് നടത്തും.
ലഖ്നോ, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങളിൽ പിപിപി മോഡലിൽ ഹെലികോപ്ടർ സർവീസ് തുടങ്ങുന്നതിനുള്ള നിർദേശത്തിനും യുപി കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. ഹെറിറ്റേജ് സൈറ്റുകളിൽ ടൂറിസം വികസനത്തിനിനുള്ള പദ്ധതിക്കും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. മ്യൂസിയം നിർമ്മാണത്തിന് ടൂറിസം ഫെലോഷിപ്പ് പ്രോഗ്രാമിന് കീഴിൽ ഗവേഷകരെ കണ്ടെത്തുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. നഗരവികസന മന്ത്രി എ കെ ശർമ, ധനമന്ത്രി സുരേഷ് ഖന്ന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷമാണ് ഇതുസംബന്ധിച്ച ആശയം രൂപപ്പെട്ടത്. പിന്നീട് യോഗി ആദിത്യനാഥും മുതിർന്ന ഉദ്യോഗസ്ഥരും പദ്ധതിരൂപരേഖ പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് പദ്ധതി ഇഷ്ടമാവുകയും പിന്നീട് ഇതേക്കുറിച്ച് വിശദമായി സംസാരിക്കാമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും യുപി വിനോദസഞ്ചാര വകുപ്പ് മന്ത്രി അറിയിച്ചു.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ; നാളെ വിചാരണ കോടതിയിൽ ഹാജരാക്കും