ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ കടുത്ത ചൂടിന് ശേഷം ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ്. ഇപ്പോഴിതാ ബീഹാറില്‍ നിന്നുമുള്ളൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിന്റെ ടെറസിന് മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണത്തിനിടെ ഒരു പെണ്‍കുട്ടിയുടെ സമീപം അതിശക്തമായ മിന്നല്‍ വന്ന് പതിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നിതീഷ് എന്ന വ്യക്തിയാണ് എക്സില്‍ ഈ വീഡിയോ പങ്കുവച്ചത്.
Reels nahi rukni chahiye.💃🙂
— NITESH (@Nitesh805181) June 26, 2024
📍Sitamarhi, Bihar#LighteningStrike #Thunder ⚡🌩️ pic.twitter.com/9b1i9YDzNo
പരിഹാറിലെ സിര്‍സിയ ബസാറിലെ അയല്‍വാസിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ മഴയത്ത് റീല്‍ ചെയ്യുകയായിരുന്ന സാനിയ കുമാരി എന്ന പെണ്‍കുട്ടിക്ക് സമീപമാണ് മിന്നൽ വന്ന് പതിച്ചതെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ ഭാഗ്യം കൊണ്ടാണ് ഇടിമിന്നലേല്ക്കാതിരുന്നതെന്നും പെട്ടെന്ന് തിരിഞ്ഞോടാന്‍ തോന്നിയതുകൊണ്ട് കുട്ടി രക്ഷപ്പെട്ടുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
കുട്ടി ഡാന്‍സ് ചെയ്യാന്‍ തുടങ്ങുന്നതായാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് ആകാശത്ത് നിന്നും ഒരു മിന്നല്‍ പെണ്‍കുട്ടിയുടെ തൊട്ടടുത്ത് വന്ന് വീഴുന്നു, ഭയന്ന് പോയ പെണ്‍കുട്ടി തിരിഞ്ഞ് ഓടാന്‍ ശ്രമിക്കുന്നു, നിമിഷ നേരം കൊണ്ട് അതിശക്തമായ മിന്നല്‍ മൂന്ന് തവണ ഒരേ സ്ഥലത്ത് പതിക്കുന്നത് വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. 'എഡിറ്റിംഗ് ആവശ്യമില്ലാത്ത റീല്‍' എന്നാണ് ഒരാള്‍ കുറിച്ചത്. സ്റ്റുഡിയോ ലൈറ്റിന്റെ ആവശ്യമില്ലെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.
അതേസമയം, ബിഹാറിലെ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 8 പേര് മരിച്ചു. ഇടിമിന്നലേറ്റുണ്ടായ മരണങ്ങളില്‍ ബിഹാര്‍ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.