ന്യൂഡല്ഹി: സ്പീക്കര്ക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കര് പദവിയും എന്ഡിഎ നിലനിര്ത്തിയേക്കും. രണ്ടാം നരേന്ദ്രമോദി സര്ക്കാരില് ഒഴിഞ്ഞുകിടന്ന ഡെപ്യൂട്ടി സ്പീക്കര് പദവി വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്ത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര് പദവിയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന് പ്രതിപക്ഷം സ്പീക്കര് ഓം ബിര്ളയ്ക്ക് മേല് സമ്മര്ദം ചെലുത്തുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് ഇന്ഡ്യാ സഖ്യം അനൗദ്യോഗിക ചര്ച്ചകള് ആരംഭിച്ചെന്നാണ് സൂചന. ഇതിന്റെ പ്രാരംഭ ഘട്ടമായി അടിയന്തരമായി ഡെപ്യൂട്ടി സ്പീക്കര് പദവിയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന് പ്രതിപക്ഷം സ്പീക്കര്ക്ക് സംയുക്തമായി കത്ത് നല്കും.
ലോക്സഭയില് ഇത്തവണ സ്പീക്കറെ തിരഞ്ഞെടുത്തത് ശബ്ദവോട്ടോടെയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര് പദവി ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സ്ഥാനാര്ത്ഥിയെ സ്ഥാനാര്ത്ഥിയെ നിര്ത്തി മത്സരിക്കുകയായിരുന്നു. ഡെപുൂട്ടി സ്പീക്കര് സ്ഥാനത്തില് ഉറപ്പ് ലഭിക്കാതായതോടെയായിരുന്നു മത്സരിക്കാന് ഇന്ഡ്യാ മുന്നണി തീരുമാനിച്ചത്.
സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില് ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കര് സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ല് അടിയന്തരാവസ്ഥ സമയത്താണ്. വര്ഷങ്ങള്ക്ക് ശേഷം പതിനെട്ടാമത് ലോക്സഭയിലാണ് മൂന്നാമതൊരു മത്സരം നടന്നത്. കൊടിക്കുന്നില് സുരേഷ് എംപിയായിരുന്നു സ്ഥാനാര്ത്ഥി.