ന്യൂഡല്ഹി: ലോക്സഭയില് അടിയന്തരാവസ്ഥക്കെതിരെ നടത്തിയ പ്രസംഗത്തില് സ്പീക്കറോട് അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. സ്പീക്കറുടെ നീക്കം രാഷ്ട്രീയതാല്പര്യത്തോടെയാണെന്നും, അടിയന്തരാവസ്ഥയില് സ്പീക്കര് പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്നും രാഹുല് ഗാന്ധി അറിയിച്ചു. ഇന്ന് സ്പീക്കറുടെ ചേംബറിലെത്തി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രാഹുല് ഓം ബിര്ളയെ അതൃപ്തി അറിയിച്ചത്.
യോഗത്തിന് ശേഷം എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാഹുല് ഗാന്ധിക്ക് പുറമെ സമാജ്വാദി പാര്ട്ടി എംപി ഡിംപിള് യാദവ്, ആര്ജെഡി എംപി മിസാ ഭാരതി, എന്സിപി എംപി സുപ്രിയ സുലേ എന്നിവരും യോഗത്തില് പങ്കെടുത്തു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏകാധിപത്യപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും പ്രതിപക്ഷ നേതാക്കളെ അന്യായമായി ജയിലില് അടച്ചെന്നുമായിരുന്നു സ്പീക്കര് ഓം ബിര്ള പാര്ലമെന്റില് പ്രസംഗത്തില് പറഞ്ഞത്. ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്ശം. അടിയന്തരാവസ്ഥ കറുത്ത അധ്യായമാണെന്നും കോണ്ഗ്രസ് സര്ക്കാര് ഭരണഘടനാ വിരുദ്ധമായ നടപടികള് സ്വീകരിച്ചെന്നുമുള്ള പ്രസംഗം പ്രതിപക്ഷ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
37 വര്ഷങ്ങള്ക്ക് ശേഷം നടന്ന സ്പീക്കര് തിരഞ്ഞെടുപ്പില് ഓം ബിര്ള വിജയിക്കുകയായിരുന്നു. പ്രതിപക്ഷ സ്ഥാനാര്ത്ഥി, എംപി കൊടിക്കുന്നില് സുരേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശബ്ദവോട്ടോടെയായിരുന്നു ഓം ബിര്ള തിരഞ്ഞെടുക്കപ്പെട്ടത്.