മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ വർഷകാല സമ്മേളനത്തിൻ്റെ ആദ്യ ദിവസം ശിവസേന തലവൻ ഉദ്ധവ് താക്കറെയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ഒരുമിച്ച് ലിഫ്റ്റിനായി കാത്തുനില്ക്കുന്ന വീഡിയോ വൈറല്. രണ്ട് പേരും തമ്മിൽ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഇരു നേതാക്കളും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ നടന്നതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച ഉദ്ധവ് താക്കറെ ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികമാണെന്ന് പറഞ്ഞു. 'ഇനി ഞങ്ങളുടെ രഹസ്യയോഗങ്ങളെല്ലാം ലിഫ്റ്റിൽ നടത്തും", അദ്ദേഹം തമാശയായി പറഞ്ഞു.
മുൻപും തിരഞ്ഞെടുപ്പ് വാഗ്വാദങ്ങള്ക്കിടെ ഫഡ്നാവിസും താക്കറെയും സൗഹാർദ്ദപരമായി സംസാരിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. അതിനിടെ, കർഷകരുടെ പ്രശ്നങ്ങളും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉന്നയിച്ച് മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിലെ അംഗങ്ങൾ സംസ്ഥാന നിയമസഭ വളപ്പിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചു. പൊതുപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് വർഷകാല സമ്മേളനത്തിൻ്റെ തലേദിവസം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ചായ സത്ക്കാരം പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.