മൂന്നാം മോദി സർക്കാരിന്റെ 20 ദിവസങ്ങൾ; ആറ് ആൾക്കൂട്ട ആക്രമണങ്ങൾ, കൊലപാതകം; വിദ്വേഷപ്രസംഗങ്ങൾ വേറെ

ഈ കാലയളവിൽ മാത്രം നിരവധി വർഗീയ സംഘർഷങ്ങളും ആൾക്കൂട്ട ആക്രമണവും അതുമൂലമുള്ള നാശനഷ്ടങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

dot image

ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെറുതെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിജയം നേടിയിട്ട് മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ മാത്രം നിരവധി വർഗീയ സംഘർഷങ്ങളും ആൾക്കൂട്ട ആക്രമണവും അതുമൂലമുള്ള നാശനഷ്ടങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നാല് പേർക്കുനേരെ ആൾക്കൂട്ട ആക്രമണങ്ങളുണ്ടായതാണ് റിപ്പോർട്ട്. ഛത്തീസ്ഗഡിൽ രണ്ട് സംഭവങ്ങൾ, ഉത്തർപ്രദേശിലെ അലിഗഡിൽ ഒന്ന്, ഗുജറാത്തിൽ ഒന്ന് എന്നിങ്ങനെയാണ് കണക്ക്. അതേസമയം, ബക്രീദിനോടനുബന്ധിച്ച് വലതുപക്ഷ സംഘങ്ങളുടെ നേതൃത്വത്തിൽ വർഗീയ അസ്വസ്ഥതകളും കൂട്ടംചേർന്നുള്ള ഉപദ്രവങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആൾക്കൂട്ട ആക്രമണങ്ങൾ

1.റായ്പൂർ, ഛത്തീസ്ഗഡ്

മൂന്ന് മുസ്ലിം പുരുഷന്മാർ- സദ്ദാം ഖുറേഷി (23), ബന്ധു ചാന്ദ് മിയാ ഖാൻ (23) ഗുഡ്ഡു ഖാൻ (35) എന്നിവർ ജൂൺ ഏഴിന് നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടു. കന്നുകാലികളെ കൊണ്ടുപോകുംവഴിയായിരുന്നു ഇവർക്കുനേരെ ആൾക്കൂട്ട ആക്രമണമുണ്ടായത്.

സദ്ദാം ഖുറേഷിയും ചാന്ദ് മിയാ ഖാനും ഉത്തർപ്രദേശിലെ ശരൺപൂരിൽ നിന്നുള്ളവരാണ്. ഗുജ്ജു ഷാംലി ജില്ലയിൽ നിന്നുള്ളയാളാണ്. ചാന്ദും ഗുഡ്ഡുവും സംഭവദിവസം തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ റായ്പൂരിലെ ശ്രീ ബാലാജി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാഴ്ച കോമയിൽ കഴിഞ്ഞശേഷം മരണത്തിനു കീഴടങ്ങി. ഈ സംഭവത്തിൽ ബിജെപി യുവജനവിഭാഗം നേതാവടക്കം നാല് പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്.

2.അലിഗഡ്

മോഷണക്കുറ്റം ആരോപിച്ചാണ് 35കാരനായ മൊഹമ്മദ് ഫരീദിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. ജൂൺ 19നാണ് സംഭവം നടന്നത്. ഇരുമ്പ് വടികളുപയോഗിച്ച് മൊഹമ്മദിനെ മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൊഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ തുടരുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നെന്നാണ് അലിഗഡ് പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ പഥക് പറഞ്ഞത്.

അതേസമയം, ബിജെപി നേതാക്കളായ മുക്ത രാജ, ശകുന്തള ഭാരതി എന്നിവർ സംഭവത്തിലെ പ്രതികളെ പിന്തുണച്ച് രംഗത്തെത്തി. സമാജ്വാദി പാർട്ടി, ബിഎസ്പി, കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ മൊഹമ്മദിന്റെ കുടുംബം ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തണമെന്നാണ് ആവശ്യം.

3.ചികോദ്ര, ഗുജറാത്ത്

ക്രിക്കറ്റ് മത്സരം കാണാനായി ചേർന്ന ജനക്കൂട്ടത്തിനു മുന്നിൽവച്ചാണ് സൽമാൻ വോഹ്റ (23) അതിക്രൂരമായി മർദ്ദിക്കപ്പെട്ടത്. നാലഞ്ച് പേർ ചേർന്ന് സൽമാനെ മർദ്ദിക്കുകയായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിച്ച് നാല്പതോളം പേർ ആർത്തുവിളിക്കുകയായിരുന്നു. ജൂൺ 23ന് അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

'മുസ്ലിം പയ്യന്മാർ ക്രിക്കറ്റ് കളിക്കുമ്പോൾ കാഴ്ച്ചക്കാർ ജയ് ശ്രീരാം എന്ന് ആർപ്പുവിളിക്കുകയായിരുന്നു. തങ്ങൾക്കു നേരെ ഭീഷണിയുണ്ടെന്ന് ആ ചെറുപ്പക്കാർ നേരത്തെ പറഞ്ഞിരുന്നു. ക്രിക്കറ്റ് ബാറ്റും കത്തിയുമുപയോഗിച്ചാണ് സൽമാനെ ആക്രമിച്ചത്. ഒരു ചെവി ഏറെക്കുറെ അറ്റുപോയ അവസ്ഥയിലാണ്'- പ്രാദേശിക പൊതുപ്രവർത്തകൻ ആസിം ഖേദവാല പറയുന്നു.

4.ദന്തേവാഡ, ഛത്തീസ്ഗഡ്

ബിന്ദു സോധി എന്ന ക്രിസ്ത്യൻ യുവതി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജൂൺ 24നാണ്. ബിന്ദുവും ചില കുടുംബാംഗങ്ങളും ക്രിസ്ത്യൻ മതം സ്വീകരിച്ചതിന്റെ പേരിൽ ബന്ധുക്കൾ അവരെ പാടത്ത് പണി ചെയ്യുന്നതിൽ നിന്ന് വിലക്കിയിരുന്നു. പിന്നീട് ഇവർ ആയുധങ്ങളുപയോഗിച്ച് ബിന്ദുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

ആൾക്കൂട്ട അതിക്രമങ്ങൾ ഹിമാചൽ പ്രദേശിലും തെലങ്കാനയിലും ഒഡീഷയിലും

1.നഹാൻ, ഹിമാചൽപ്രദേശ്

ജൂൺ 19നാണ് ജാവേദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റൈൽ ഷോപ് ആൾക്കൂട്ടം കൊള്ളയടിച്ചത്. വാട്സാപ് സ്റ്റാറ്റസിൽ മൃഗബലിയുടെ ചിത്രം ജാവേദ് പങ്കുവച്ചതിനു പിന്നാലെയായിരുന്നു അതിക്രമം. ഇതേത്തുടർന്ന് സ്ഥലത്ത് സംഘർഷഭരിതമായ അന്തരീക്ഷം ഉണ്ടായി. ഹിന്ദുത്വ സംഘടനകളുടെ ആക്രമണം ഭയന്ന് 16 മുസ്ലിംകളാണ് തങ്ങളുടെ കടകളുപേക്ഷിച്ച് നഹാനിൽ നിന്ന് രക്ഷപ്പെട്ടത്.

ജാവേദ് പങ്കുവച്ച ചിത്രത്തിലുള്ളത് പശുവല്ലെന്നും ബലി നടത്താൻ നിയമപരമായി അനുവാദമുള്ള മൃഗത്തിന്റേതാണെന്നും പിന്നീട് പൊലീസ് കണ്ടെത്തി. ബക്രീദ് ദിനത്തിൽ ചിത്രം പ്രചരിപ്പിച്ച് വർഗീയഅസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

2.മേദക്, തെലങ്കാന

കന്നുകാലികളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രണ്ട് സമുദായങ്ങൾ തമ്മിൽ തർക്കമുണ്ടായത് ജൂൺ 15നാണ്. കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനം യുവമോർച്ച പ്രവർത്തകർ തടയുകയും പ്രതിഷേധിക്കുകയും പരാതി നൽകുകയുമായിരുന്നു. മിൻഹജ് ഉൽ ഉലൂം മദ്രസക്ക് നേരെയും ഒരാശുപത്രിക്കു നേരെയും പിന്നാലെ അതിക്രമമുണ്ടായി. മദ്രസയിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെയാണ് ആശുപത്രിക്ക് നേരെയും അതിക്രമമുണ്ടായത്. അധികം വൈകാതെ, പൊലീസ് ബിജെപി ജില്ലാ പ്രസിഡന്റ് ഗദ്ദം ശ്രീനിവാസ്, ടൗൺ പ്രസിഡന്റ് എം ന്യായം പ്രസാദ് എന്നിവരടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

3. ബാലസോർ & ഖോർദ, ഒഡിഷ

ജൂൺ 17ന് പുറപ്പെട്ട വർഗീയ അസ്വസ്ഥതക്ക് പിന്നാലെ ബാലസോറിൽ കർഫ്യു പ്രഖ്യാപിച്ചു. ദിവസങ്ങൾക്കുശേഷമാണ് കർഫ്യു പിൻവലിച്ചത്. പശുഹത്യ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് രണ്ട് വിഭാഗങ്ങൾക്കിടയിലുണ്ടായ പ്രശ്നമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ശ്മശാനത്തിനു സമീപമുള്ള റോഡിലെ വെള്ളക്കെട്ടിൽ ചുവപ്പ് നിറം കലർന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് പശുഹത്യ നടത്തിയതാണെന്ന് ഒരു വിഭാഗം ആരോപിച്ചു. ഇവർ ധർണയാരംഭിക്കുകയും ചെയ്തു. മറ്റൊരു വിഭാഗം ഇവർക്കുനേരെ കല്ലേറ് നടത്തിയെന്നാരോപിച്ചത് സംഭവം ഗുരുതരമാക്കി. പിന്നാലെ സംഘർഷം തുടങ്ങി, പൊലീസ് 144 പ്രഖ്യാപിച്ചു.

ഖോർദയിൽ ഹിന്ദുത്വ സംഘടനകൾ മുസ്ലിംകളുടെ വീടുകളിൽ അതിക്രമിച്ചു കയറുകയും റെഫ്രിജറേറ്ററുകൾ പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. പൊലീസിന്റെ സാന്നിധ്യത്തിൽ പോലും വീടുകൾ തകർത്തെന്നും ആരോപണമുണ്ട്. ഒഡീഷയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്നിരുന്നു. 24 വർഷത്തെ ബിജു ജനതാദൾ ഭരണം അവസാനിപ്പിച്ച ബിജെപി അവിടെ അധികാരത്തിലെത്തിയിരുന്നു.

വീട് പൊളിക്കലും ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും

മധ്യപ്രദേശിലെ മാണ്ഡ്ലയിൽ നിരവധി മുസ്ലിംകളുടെ വീടുകൾ അധികൃതർ തകർത്തു. ഗോമാംസം സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ചായിരുന്നു നടപടിയെന്നാണ് ജനങ്ങളുടെ പരാതി. എന്നാൽ, അനധികൃതമായി സർക്കാർ സ്ഥലത്ത് നിർമ്മിച്ച വീടുകളാണ് പൊളിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഉത്തർപ്രദേശിലെ അക്ബർ നഗറിലും വൻതോതിൽ കെട്ടിടം പൊളിക്കൽ നടന്നിട്ടുണ്ട്. ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും വീടു നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു. കുറഞ്ഞത് 1320 അനധികൃത നിർമ്മാണങ്ങൾ ഇല്ലാതായെന്നാണ് കണക്ക്. നാല് അമ്പലങ്ങളും മൂന്ന് മുസ്ലിം പള്ളികളും രണ്ട് മദ്രസകളും ഇതിൽ ഉൾപ്പെടുന്നു.

ഉത്തർപ്രദേശിലും രാജസ്ഥാനിലുമായി അന്താരാഷ്ട്രീയ ഹിന്ദു പരിഷദിന്റെ നേതാക്കൾ അഞ്ചോളം വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നാണ് കണക്ക്. 'ജൂൺ നാല് മുതലുള്ള കണക്കാണിത്. ഞങ്ങളുടെ പെൺകുട്ടികളുമായി ഒളിച്ചോടാൻ ഏതെങ്കിലും മുസ്ലിമിനു ധൈര്യമുണ്ടോ? അവരെ ഇപ്പോൾത്തന്നെ സുന്നത്ത് ചെയ്തിട്ടുണ്ടാകും, പക്ഷേ ഞങ്ങൾ അടിമുടി വെട്ടും'- ഒരു പ്രസംഗത്തിലെ ഭാഗമാണിത്.

*The Quintലെ റിപ്പോര്ട്ടിന്റെ പരിഭാഷ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us