മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ സഹകരണ വായ്പാതട്ടിപ്പ് കേസിൽ ഇഡിയും മഹാരാഷ്ട്ര പൊലീസും നേർക്കുനേർ. കേസന്വേഷണം അവസാനിപ്പിച്ചതിനെതിരെ ഇ ഡി രംഗത്തുവന്നതോടെയാണ് പൊലീസും ഇഡിയും തമ്മിലുള്ള പോരിന് കളമൊരുങ്ങിയത്.
നേരത്തെ കേസന്വേഷണം അവസാനിപ്പിച്ചതിനെതിരെ ഇഡി കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം നിലയ്ക്കുന്നത് കേസുമായി ബന്ധപ്പെട്ട മറ്റ് കള്ളപ്പണ ഇടപാടുകളെയും സ്വാധീനിക്കുമെന്ന് ഇഡി പറഞ്ഞു. ഇതിന് മറുപടിയായി പൊലീസ് സേനയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രംഗത്തുവന്നു. ക്രമക്കേടിൽ ബാങ്കിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതിനാലാണ് കേസന്വേഷണം അവസാനിപ്പിച്ചതെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെട്ട സഹകരണ വായ്പാതട്ടിപ്പ് കേസിൽ 25,000 കോടിയുടെ വായ്പത്തട്ടിപ്പ് ആരോപണമാണ് ഉയർന്നിരുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ വന്നതോടെ അന്വേഷണം തുടങ്ങിയ കേസ് പിന്നീട് ഉദ്ധവ് താക്കറെ വന്നതോടെ അവസാനിപ്പിച്ചു. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായതോടെ വീണ്ടും കേസിൽ അന്വേഷണം തുടങ്ങി. അജിത് പവാർ പിന്നീട് സഖ്യത്തിലേക്ക് വന്നതോടെ കേസന്വേഷണം വീണ്ടും അവസാനിപ്പിക്കുകയായിരുന്നു.