ഡൽഹി: ഡൽഹിയിൽ കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. കാറുകൾ മുങ്ങുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയു ചെയ്തു.
കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്റെ മേൽക്കൂര തകർന്നുവീണു. ആറ് പേർക്ക് പരിക്കുള്ളതായാണ് വിവരം. ഇതേത്തുടർന്ന് ഒന്നാം ടെർമിനലിൽ നിന്നുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു.
കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിലുവരും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മഴദുരിതം തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധിയുണ്ട്. വയനാടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നല്കിയിരിക്കുകയാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണെന്നും അതോറിറ്റി അറിയിച്ചു.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/ പോസ്റ്റുകൾ/ ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണെന്നും അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണെന്നും അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.