ജബല്പുര്: മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേല്ക്കൂര തകര്ന്ന് അപകടം. വ്യാഴാഴ്ച പെയ്ത കനത്ത മഴയെത്തുടർന്നാണ് ജബൽപൂർ വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനൽ കെട്ടിടത്തിൻ്റെ മേല്ക്കൂരയുടെ ഒരു ഭാഗം തകര്ന്ന് കാറിന് മുകളിലേക്ക് വീണത്. യാത്രക്കാരനെ വിമാനത്താവളത്തില് ഇറക്കാനായി എത്തിയ കാറിന് മുകളിലാണ് മേല്ക്കൂര പതിച്ചത്. തലനാരിഴയ്ക്കാണ് യാത്രക്കാരനും ഡ്രൈവറും രക്ഷപ്പെട്ടത്. ഇരുവരും കാറില് നിന്നിറങ്ങി നിമിഷങ്ങള്ക്കകമായിരുന്നു അപകടം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ്റേതാണ് കാര്.
സംഭവത്തിൽ എയർപോർട്ട് അതോറിറ്റി അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിൽ അപകടമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അന്വേഷണം നടക്കുന്നുണ്ടെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രി രാകേഷ് സിംഗ് പറഞ്ഞു. ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവന് നഷ്ടമായിരുന്നു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. നിരവധി കാറുകളും തകർന്നിരുന്നു. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപകടം നടന്നത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അപകടത്തിൽ വിമാനത്താവളത്തിലെ ടെർമിനലിൻ്റെ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നതായി അധികൃതർ പറഞ്ഞു.