ലഖ്നൗ: ഉത്തർ പ്രദേശിൽ പിന്നാക്കവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ അവർക്കനുവദിക്കപ്പെട്ട സംവരണ സീറ്റിൽപ്പോലും പുറന്തള്ളപ്പെടുന്നുവെന്ന് അപ്നാ ദൾ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേൽ. തനിക്ക് ഇത്തരത്തിൽ ഒരുപാട് പരാതികൾ വരുന്നുണ്ടെന്നും വേഗത്തിൽ അവ പരിഹരിക്കണമെന്നും അനുപ്രിയ ആവശ്യപ്പെടുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ കത്തിലാണ് അനുപ്രിയ പട്ടേൽ തന്റെ ആശങ്ക പങ്കുവെച്ചത്. 'മോദി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ, സൈനിക സ്കൂളുകൾ എന്നിവിടങ്ങളിൽ പിന്നാക്കവിഭാഗത്തിലെ കുട്ടികൾക്ക് പഠിക്കാനായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ അവിടങ്ങളിൽ ചെന്ന കുട്ടികൾക്ക് തങ്ങൾ യോഗ്യരല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. അഭിമുഖം അടക്കമുളള എല്ലാ കടമ്പകളും കടന്ന ശേഷമാണ് കുട്ടികൾക്ക് ഇത്തരത്തിൽ അറിയിപ്പ് ലഭിക്കുന്നത്'; അനുപ്രിയ കത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ടിരിക്കുന്ന സമയത്താണ് അനുപ്രിയയുടെ കത്ത് എന്നതും ശ്രദ്ധേയമാണ്. പിന്നാക്കവിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു എന്ന് ബിജെപി വിലയിരുത്തുന്ന സമയത്താണ് യുപി മുഖ്യമന്ത്രിക്ക് അനുപ്രിയ നേരിട്ട് കത്തയച്ചിരിക്കുന്നത്. കത്തിനെതിരെ ബിജെപിയിൽ വിയോജിപ്പുണ്ട്. ഭരണഘടനയെയും സംവരണത്തെയും മുൻനിർത്തിയുള്ള പ്രതിപക്ഷ സ്ട്രാറ്റജിയിൽ അടിതെറ്റി യുപിയിൽ നില പരുങ്ങലിലായ പാർട്ടിയെ ഈ കത്ത് കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ബിജെപി വൃത്തങ്ങളിൽ തന്നെ മുറുമുറുപ്പുണ്ട്.