തോൽവിയിൽ നിന്ന് കരകയറാൻ നീക്കം; 'ചൗഹാൻ മാതൃക'യുമായി ഷിൻഡെ സർക്കാർ; ലക്ഷ്യം നിയമസഭ തന്നെ

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി 'ശിവരാജ് സിങ് ചൗഹാൻ' മാതൃക പിന്തുടർന്നാണ് ബജറ്റിലെ പ്രധാനപ്പെട്ട പദ്ധതികളെല്ലാം

dot image

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷം അവതരിപ്പിച്ച മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ നിറഞ്ഞുനിൽക്കുന്നത് ജനപ്രിയ പ്രഖ്യാപനങ്ങൾ. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മാതൃക പിന്തുടർന്നാണ് ബജറ്റിലെ പ്രധാനപ്പെട്ട പദ്ധതികളെല്ലാം പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ത്രീകളെയും കുട്ടികളെയും കർഷകരെയും വേണ്ട രീതിയിൽ പരിഗണിച്ചുകൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ചൗഹാൻ കൊണ്ടുവന്ന 'ലഡ്ലി ബെഹ്ന' പദ്ധതിയുടെ മാതൃകയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, 21നും 60നും ഇടയിലുള്ള സ്ത്രീകൾക്ക് മാസം 1500 രൂപ വീതം ലഭിക്കുന്ന പദ്ധതിയാണ് പ്രധാനം. ഇതിനായി 46000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. വിദ്യാർഥിനികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനും ബജറ്റിൽ പദ്ധതിയുണ്ട്.

ജലസേചനത്തിനായി കർഷകർ ഉപയോഗിക്കുന്ന പമ്പുകൾക്ക് ഇനിമുതൽ വൈദ്യുതി ചാർജ് നൽകേണ്ട എന്നതാണ് മറ്റൊരു തീരുമാനം. സോയാബീനും പരുത്തിയും കൃഷി ചെയ്യുന്ന കർഷകർക്ക് അവരുടെ വിളകൾക്ക് ഉദ്ദേശിച്ച വില ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥയും ബജറ്റിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് പുറമെ, ഉള്ളി കർഷകരുടെ വിളകളും മറ്റും സംരക്ഷിക്കാനും മികച്ച വിളകൾ ഉറപ്പാക്കാനുമുള്ള നടപടികളുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഉള്ളി ഉത്പാദന മേഖലകളിലെല്ലാം ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് തിരിച്ചടി നേരിട്ടിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഷിൻഡെ സർക്കാരിൻ്റെ പുതിയ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തിരിച്ചടിയിൽ നിന്ന് കരകയറാനാണ് ചൗഹാൻ മോഡൽ പ്രഖ്യാപനങ്ങൾക്ക് മഹായുതി സഖ്യം നടത്തിയതെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് ആകെ നേടാനായത് വെറും 17 സീറ്റുകൾ മാത്രമായിരുന്നു. ഇതോടെ സഖ്യത്തിനുള്ളിൽ വലിയ രീതിയിലുള്ള അതൃപ്തി പുകഞ്ഞുതുടങ്ങിയിരുന്നു. വെറും ഒരു സീറ്റ് മാത്രം ജയിച്ച അജിത് പവാർ പക്ഷത്തിനെതിരെ ആർ എസ് എസ് തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് പ്രതിച്ഛായ മാറ്റാനെന്ന ഉദ്ദേശത്തോടെയുള്ള ഈ ബജറ്റെന്ന് നിരീക്ഷർ വിലയിരുത്തുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us