ന്യൂഡൽഹി: നിര്ത്തിയിട്ട കാറും അതിനുള്ളിലിരിക്കുകയായിരുന്ന രണ്ട് കുട്ടികളെയും കടത്തിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് അന്പതുലക്ഷം രൂപ. മൂന്ന് മണിക്കൂറോളം പൊലീസ് പിന്തുടർന്നതോടെ കാറും കുട്ടികളെയും ഉപേക്ഷിച്ച് കള്ളന് കടന്നുകളഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, 'രാത്രി 11.40 ഓടെ ദമ്പതികൾ രണ്ടും പതിനൊന്നും വയസ്സുള്ള കുട്ടികളെ വാഹനത്തിനുള്ളിലിരുത്തിയ ശേഷം ലക്ഷ്മി നഗർ വികാസ് മാർഗിലെ ഹീരാ സ്വീറ്റ്സിലേക്ക് പോയി.
രക്ഷിതാക്കൾ മധുരപലഹാരങ്ങൾ വാങ്ങുന്നതിനിടെ പ്രതി വാഹനവുമായി കടന്നുകളയുകയായിരുന്നു. "കാർ മോഷ്ടിക്കപ്പെട്ടപ്പോൾ രക്ഷിതാക്കൾ മിഠായി വാങ്ങാൻ ഹീര സ്വീറ്റ്സ് എന്ന കടക്കുള്ളിലായിരുന്നു. തിരികെ വന്നപ്പോൾ അവരുടെ വാഹനവും കുട്ടികളെയും കണ്ടില്ല. തുടർന്ന് അവർ പൊലീസിനെ സമീപിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.
പരാതി ലഭിച്ചതോടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര് കണ്ടെത്താന് പൊലീസ് ശ്രമം ആരംഭിച്ചു. ഇരുപതോളം പൊലീസ് വാഹനങ്ങളാണ് മൂന്നുമണിക്കൂറോളം കാറും കുട്ടികളെയും കണ്ടെത്താന് നഗരത്തിലുടനീളം തെരച്ചില് നടത്തിയത്. ഇതോടെ പിടിക്കപ്പെടുമെന്നുറപ്പായ കള്ളന് കാറും കുട്ടികളെയും ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു.