പട്ന: ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ 'അടിയന്തരാവസ്ഥ' പരാമർശം വിവാദത്തിൽ. ഇന്ദിര തങ്ങളെ ജയിലിലടച്ചിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്നും ലാലു എക്സിൽ കുറിച്ചതാണ് വിവാദത്തിന് തുടക്കം കുറിച്ചത്.
അടിയന്തരാവസ്ഥ ഓർമിച്ചുകൊണ്ട് ലാലു എഴുതിയ ലേഖനം ' ദി സംഘ് സൈലൻസ് ഇൻ 1975'ലെ ഒരു പ്രസക്തഭാഗം മുൻ മുഖ്യമന്ത്രി തന്നെ എക്സിൽ പങ്കുവെച്ചിരുന്നു. 'അടിയന്തരാവസ്ഥ കാലത്ത് താൻ പതിനഞ്ച് മാസത്തോളം ജയിലിലായിരുന്നു. അന്നൊന്നും ഞങ്ങൾ ഇന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ ഘോരഘോരം സംസാരിക്കുന്ന നദ്ദയെയോ മോദിയെയോ കുറിച്ച് കേട്ടിട്ടേയില്ല'; എന്നായിരുന്നു ലാലു കുറിച്ചത്.
'ഇന്ദിര ഞങ്ങളെ ഒരുപാട് പേരെ ജയിലിൽ അടച്ചിട്ടുണ്ട്. എന്നാൽ ആരെയും ഉപദ്രവിച്ചിട്ടില്ല. ഞങ്ങളെ ആരെയും രാജ്യദ്രോഹിയെന്നോ രാജ്യത്തോട് കൂറില്ലാത്തവരെന്നോ വിളിച്ചിട്ടില്ല. അംബേദ്കറിനെ തൊട്ടുകളിക്കാൻ പോലും ആരെയും സമ്മതിച്ചിട്ടില്ല. 1975 തീർച്ചയായും ഒരു കളങ്കം തന്നെയാണ്. പക്ഷെ ഇക്കാലത്ത് പ്രതിപക്ഷത്തെപ്പോലും ബഹുമാനിക്കാത്തവർ ആരാണെന്ന് നമ്മൾ ഓർക്കണം'; എന്ന ലാലുവിൻ്റെ നിലപാടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
പോസ്റ്റിനെതിരെ ബിജെപി രംഗത്തെത്തി. റാം മനോഹർ ലോഹ്യയുടെയും ജയപ്രകാശ് നാരായണിന്റെയും ആത്മാവ് ലാലുവിനോട് പൊറുക്കില്ലെന്നും രാഷ്ട്രീയഭാവി അവസാനിപ്പിച്ച ലാലു മക്കൾ രാഷ്ട്രീയം ഉറപ്പാക്കാൻ വേണ്ടി ഓരോന്ന് പറയുകയാണെന്നും ബിജെപി വിമർശിച്ചു.
അടിയന്തരാവസ്ഥ ഓർമിപ്പിച്ചുകൊണ്ട് കനത്ത ആക്രമണം ബിജെപി കോൺഗ്രസിന് നേരെ അഴിച്ചുവിടുന്നതിനിടെയായിരുന്നു ലാലുവിന്റെ പരാമർശം. ഇന്ദിരാ ഗാന്ധി ഏകാധിപത്യപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും പ്രതിപക്ഷ നേതാക്കളെ അന്യമായി ജയിലിൽ അടച്ചുവെന്നും ഓം ബിർള പാർലമെൻ്റിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. അടിയന്തരാവസ്ഥ കറുത്ത അധ്യായമാണെന്നും കോൺഗ്രസ് സർക്കാർ ഭരണഘടനാ വിരുദ്ധമായ നടപടികൾ സ്വീകരിച്ചുവെന്നുമുള്ള വാക്കുകൾ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു.
അടിയന്തരാവസ്ഥയിലൂടെ ഭരണഘടന ആക്രമിക്കപ്പെട്ടുവെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിലും പരാമർശമുണ്ടായി. ഭരണഘടനക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അടിയന്തരാവസ്ഥയെന്നും കൂട്ടിച്ചേര്ത്ത രാഷ്ട്രപതിയുടെ പ്രസംഗം സഭയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.