ചെന്നൈ: ഐഎസുമായി ബന്ധമുള്ള തീവ്ര ഇസ്ലാമിക സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിനെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ റെയ്ഡ്. ഏകദേശം പത്തോളം കേന്ദ്രങ്ങളിലാണ് എൻഐഎയുടെ റെയ്ഡ് നടന്നത്. മധുര ഹിസ്ബ്-ഉത്-തഹ്രീർ മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതിന് ശേഷം ത്രീവവാദ ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തുടർ റെയ്ഡുകൾ.
മധുര നഗരത്തിലെ തിദീർ നഗറിൽ നിന്ന് മുഹമ്മദ് ഇഖ്ബാലിനെയാണ് എൻഐഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുന്ന ഉള്ളടക്കം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.
മധുര ഹിസ്ബ്-ഉത്-തഹ്രീർ മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് 2022 മാർച്ചിൽ എൻഐഎ രണ്ട് പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. തിരുവാരൂർ ജില്ലയിലെ മന്നാർഗുഡിയിൽ താമസിക്കുന്ന ബാവ ബഹ്റുദ്ദീൻ എന്ന മനായി ബാവ, തഞ്ചാവൂർ ജില്ലയിലെ കുംഭകോണം സ്വദേശി സിയാവുദ്ദീൻ ബാഖവി എന്നിവർക്ക് മേലെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി യുവാക്കളെ പ്രചോദിപ്പിക്കുകയും റിക്രൂട്ട് ചെയ്തുവെന്നും ഇതിന് വേണ്ടി രഹസ്യ ക്ലാസുകൾ സംഘടിപ്പിച്ചുവെന്നുമാണ് ഇവർക്ക് മേലെയുള്ള കേസ്.