ബെംഗളൂരു: കര്ണ്ണാടകയില് മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം രൂക്ഷമാവുന്നു. അന്തിമ തീരുമാനം ഹൈക്കാമാന്ഡിന്റേതാണെന്നും ഇതില് അഭിപ്രായം പറയേണ്ടതില്ലെന്നുമുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മുന്നറിയിപ്പ് അവഗണിച്ച് അഹിന്ദ നേതാവ് രംഗത്തെത്തി. സിദ്ധരാമയ്യ മുഖ്യമന്ത്രി പദം ഒഴിഞ്ഞാല് സംസ്ഥാനത്തെ കോണ്ഗ്രസ് ഇല്ലാതാവുമെന്നാണ് പിന്നാക്ക വിഭാഗത്തിന്റെ വെല്ലുവിളി. സംസ്ഥാനത്തെ ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ മുഖമാണ് സിദ്ധരാമയ്യ.
സിദ്ധരാമയ്യ മുഖ്യമന്ത്രി പദം ഒഴിയണമെന്നും പകരം ഡി കെ വരണമെന്നും കഴിഞ്ഞ ദിവസം വൊക്കലിഗ സമുദായത്തില് നിന്നും ആവശ്യം ഉയര്ന്നിരുന്നു. കെമ്പഗൗഡജയന്തി ആഘോഷത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വേദിയിലിരുത്തിയാണ് വിശ്വ വൊക്കലിഗ മഹാസമസ്താന മഠാധിപതി ചന്ദ്രശേഖര് സ്വാമിജി ഇക്കാര്യം ഉന്നയിച്ചത്.
എന്നാല്, 'സിദ്ധരാമയ്യ ചുമതലയൊഴിഞ്ഞാല് കനത്ത തിരിച്ചടിയുണ്ടാവും. മഠാധിപതി ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതിനോട് യോജിക്കാനാവില്ല. ഒരു സന്ന്യാസി എല്ലാവരുടേതുമായിരിക്കണം. അധികാരത്തില് നിന്നും ഞങ്ങളുടെ പ്രിയപ്പെട്ട സിദ്ധരാമയ്യയെ പുറത്താക്കാന് ശ്രമിച്ചാല് കോണ്ഗ്രസ് പാര്ട്ടി ഉണ്ടാവില്ല.' എന്നാണ് അഹിന്ദ നേതാവിന്റെ മുന്നറിയിപ്പ്. സിദ്ധരാമയ്യയെ മാറ്റാനുള്ള ശ്രമം നടത്തിയാല് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഹിന്ദ നേതാവ് പറഞ്ഞു.
ഡി കെ ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയണമെന്നും ശിവകുമാര് ഇതുവരെയും മുഖ്യമന്ത്രി പദം അലങ്കരിച്ചില്ലെന്നുമായിരുന്നു വൊക്കലിഗ മഠാധിപതി പറഞ്ഞത്. 'എല്ലാവരും മുഖ്യമന്ത്രിയാവുകയും അധികാരം ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്, നമ്മുടെ ഡി കെ ശിവകുമാര് ഇതുവരെയും മുഖ്യമന്ത്രിയായിട്ടില്ല. സിദ്ധരാമയ്യ ഇതിനകം അധികാരത്തിലിരുന്നയാളാണ്. ഭാവിയില് സിദ്ധരാമയ്യ ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറണം. ഒരിക്കല് കൂടി ഞാന് അപേക്ഷിക്കുകയാണ്, ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കൂ' എന്നായിരുന്നു ചന്ദ്രശേഖര് സ്വാമിജിയുടെ വാക്കുകള്.
അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച ചര്ച്ചകള് നടക്കുന്നില്ലെന്നും തീരുമാനം ഹൈക്കമാന്ഡിന്റേതായിരിക്കും എന്നുമാണ് ഡി കെ ശിവകുമാര് പ്രതികരിച്ചത്. എഐസിസി അധ്യക്ഷന് മല്ലികാര്ജ്ജുന് ഖര്ഗെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഹൈക്കമാന്ഡ് പ്രതിനിധികളും താനും ചേര്ന്ന് കര്ണാടകയുടെ താല്പര്യം കണക്കിലെടുത്ത് എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില് സമവായത്തിലെത്തിയിട്ടുണ്ടെന്നും ശിവകുമാര് പറഞ്ഞു. സമാന പ്രതികരണമാണ് സിദധരാമയ്യയും നടത്തിയിട്ടുള്ളത്.