ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. മാർച്ച് മുതൽ ജയിലിലുള്ള കവിതയുടെ ജാമ്യാപേക്ഷ ഇതിന് മുൻപും തള്ളിയിരുന്നു. എക്സൈസ് കേസിലെ 50 പ്രതികളിൽ കവിതയാണ് ഏക സ്ത്രീയെന്നും ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും കവിതയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല് കവിതയുടെ ജാമ്യാപേക്ഷയെ സിബിഐയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും എതിർത്തു.
ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 23 വരെ കവിതയെ ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു. കെ കവിത, രാഗവ് മകുന്ത, എം എസ് റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എഎപിയുടെ വിജയ് നായര്ക്ക് 100 കോടി നല്കിയതെന്നാണ് കുറ്റപത്രത്തില് പറയുന്നത്. കവിതയുടെ നീക്കങ്ങളെല്ലാം കേസില് പ്രതിയായ അരുണ് രാമചന്ദ്രനെ മുന്നിര്ത്തിയായിരുന്നു.
ഇവരുടെ ഇന്തോ സ്പിരിറ്റ് കമ്പനിയില് 65 ശതമാനം ഓഹരി പങ്കാളിത്തം കവിതയ്ക്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്.100 കോടി കോഴ നല്കിയ സൗത്ത് ഗ്രൂപ്പിന് മദ്യവിതരണത്തിനുള്ള മൊത്തവ്യാപാര അനുമതിയും ഒട്ടേറെ റീട്ടെയില് സോണുകളും അനുവദിച്ചുകിട്ടിയെന്നും ഇഡി പറയുന്നു. എന്നാല് കവിതയെ അറസ്റ്റ് ചെയ്തതിന് പിന്നില് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് കവിതയുടെ സഹോദരനും മുന് തെലങ്കാന മന്ത്രിയുമായ കെടി രാമറാവു ആരോപിച്ചത്.