'എന്റെ മുന്നിൽ നിവർന്നുനിന്നു, മോദിക്ക് മുന്നിൽ തലകുനിച്ചു'; സ്പീക്കറെ വിമർശിച്ച് രാഹുൽ ഗാന്ധി

സ്പീക്കർ സഭയിൽ എല്ലാറ്റിനും മുകളിലാണെന്നും ആരുടെയും മുന്നിൽ തലകുനിക്കരുതെന്നും രാഹുൽ ഗാന്ധി

dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ലോക്സഭാ സ്പീക്കർ ഓം ബിർള തലകുനിച്ച് വണങ്ങിയതിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തിനാണ് സ്പീക്കർ പ്രധാമന്ത്രിക്ക് മുന്നിൽ തലകുനിച്ച് വണങ്ങിയത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാഹുലിന്റെ ചോദ്യത്തെ തുടർന്ന് സഭയിൽ വാക്കേറ്റമുണ്ടായി. സ്പീക്കർ സഭയിൽ എല്ലാറ്റിനും മുകളിലാണെന്നും ആരുടെയും മുന്നിൽ തലകുനിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'നിങ്ങൾ എനിക്ക് കൈ തന്നപ്പോൾ നിവർന്നു നിന്നതായി ഞാൻ ശ്രദ്ധിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈ കൊടുത്തപ്പോൾ വണങ്ങി', രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പ്രതിപക്ഷം പിന്തുണച്ചപ്പോൾ എൻഡിഎ എംപിമാർ എതിർത്തു.

പ്രധാനമന്ത്രി സഭയുടെ നേതാവാണെന്നായിരുന്നു ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പ്രതികരണം. 'ഞാൻ മുതിർന്നവരെ കാണുമ്പോഴും തൻ്റെ പ്രായത്തിലുള്ളവരെ തുല്യരായി കാണുമ്പോഴും തലകുനിക്കുന്നു. മുതിർന്നവരെ കാണുമ്പോൾ വണങ്ങുകയും ആവശ്യമെങ്കിൽ അവരുടെ കാലിൽ തൊടുകയും ചെയ്യുക എന്നതാണ് എൻ്റെ ധാർമ്മികത'; ഓം ബിർള പറഞ്ഞു.

സ്പീക്കറുടെ അഭിപ്രായങ്ങളെ മാന്യമായി അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 'സഭയിൽ സ്പീക്കറെക്കാൾ വലിയ ആരും ഇല്ലെന്ന് സ്പീക്കറോട് പറയാൻ ആഗ്രഹിക്കുന്നു. സഭയിൽ സ്പീക്കർ എല്ലാറ്റിനും മുകളിലാണ്. നാമെല്ലാവരും സ്പീക്കറുടെ മുമ്പിൽ വണങ്ങണം. മുഴുവൻ പ്രതിപക്ഷവും ചേർന്ന് സ്പീക്കർക്ക് മുന്നിൽ തലകുനിക്കുന്നു. നിങ്ങളാണ് സ്പീക്കർ, ആരുടെയും മുന്നിൽ തലകുനിക്കരുത് ' രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭയിലെ അവസാന വാക്കാണ് സ്പീക്കറെന്നും സഭയിലെ അംഗങ്ങളെന്ന നിലയിൽ തങ്ങൾ അദ്ദേഹത്തിന് വിധേയരാണെന്നും രാഹുൽ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us