ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യമറിയിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശ് വിഭജനം പൂർത്തിയായി പത്ത് വർഷം ആകുന്നതോടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
കൂടിക്കാഴ്ചയുള്ള താത്പര്യം അറിയിച്ച് നായിഡു രേവന്ത് റെഡ്ഡിക്ക് കത്തെഴുതിയിരുന്നു. വിഭജനം പൂർത്തിയായി പത്ത് വർഷം പിന്നിടുമ്പോൾ ഇരു സംസ്ഥാനങ്ങളും അവരുടെ വികസന, ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഒരുമിച്ച് തീരുമാനിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ വേഗത്തിൽത്തന്നെ നമ്മൾ തീരുമാനിക്കേണ്ടതുമാണെന്നും അതിനാൽ ജൂലൈ ആറിന് കൂടിക്കാഴ്ച നടത്താമെന്നും നായിഡു കത്തിൽ പറയുന്നു.
ഈ കൂടിക്കാഴ്ച തീർത്തും ഗുണകരമാകുമെന്നാണ് വിശ്വാസമെന്നും നായിഡു കൂട്ടിച്ചേർത്തു. ആന്ധ്രാ വിഭജനം പൂർത്തിയായി പത്ത് വർഷം പിന്നിടുമ്പോൾ ഹൈദരാബാദ് പൊതു തലസ്ഥാനമായുള്ള നിയമവും അവസാനിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് കൂടിക്കാഴ്ച. കഴിഞ്ഞ പത്ത് വർഷമായി നല്ലൊരു തലസ്ഥാനം വാർത്തെടുക്കാൻ ആന്ധ്രയ്ക്ക് കഴിഞ്ഞിട്ടില്ല. അമരാവതിയിൽ പുതിയ തലസ്ഥാനം പണിയാനുള്ള നായിഡുവിന്റെ നീക്കങ്ങളെല്ലാം ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലേറിയതോടെ വഴിമുട്ടിയിരുന്നു.
മുൻ ടിഡിപി അംഗവും നായിഡുവിന്റെ വിശ്വസ്തനും കൂടിയായിരുന്നു രേവന്ത് റെഡ്ഢി. 2017ലാണ് റെഡ്ഡി ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നത്.