'പരാജയപ്പെട്ടതിന് ശേഷവും നുണപ്രചരിപ്പിക്കുന്നവരുടെ അവസ്ഥ മനസ്സിലാകും'; പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്ച്ചയ്ക്കുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിന് നേരെ ഒളിയമ്പെറിഞ്ഞത്

dot image

ന്യൂഡൽഹി: തിരഞ്ഞെടുപ്പില് പരാജയപ്പെട്ടതിന് ശേഷവും നുണ പ്രചരിപ്പിക്കുന്ന ചിലരുടെ അവസ്ഥ തനിക്ക് മനസ്സിലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്ച്ചയുടെ മറുപടിയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിന് നേരെ ഒളിയമ്പെറിഞ്ഞത്. ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ജനങ്ങള് തങ്ങളെ തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി പ്രതിപക്ഷത്തെ ഓര്മ്മപ്പെടുത്തി. 'ജനങ്ങള് പത്ത് വര്ഷമായി ഞങ്ങളുടെ ട്രാക്ക് റെക്കോര്ഡ് കാണുന്നുണ്ട്. പാവങ്ങളെ ഉദ്ധരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളും പൊതുജനങ്ങള് കാണുന്നുണ്ട്'; മോദി പറഞ്ഞു. 'സബ്കാ സാത്ത് സബ് കാ വികാസ് എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകാനാണ് ഞങ്ങളുടെ സര്ക്കാര് ശ്രമിക്കുന്നത്. ഞങ്ങള് സംതൃപ്തിക്ക് വേണ്ടിയാണ് ശ്രമിച്ചത് അല്ലാതെ പ്രീണനത്തിന് വേണ്ടിയല്ലെ'ന്നും മോദി മറുപടി പ്രസംഗത്തില് വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ പക്വത എന്താണെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. വലിയൊരു കാഴ്ചപ്പാട് മുന്നിര്ത്തിയാണ് സര്ക്കാര് തിരഞ്ഞെടുപ്പിലേയ്ക്ക് പോയത്. വികസിത് ഭാരത് എന്ന കാഴ്ചപ്പാട് മുന്നിര്ത്തി ഞങ്ങള് അവരുടെ അനുഗ്രഹം തേടിയെന്നും മോദി വ്യക്തമാക്കി. ഞങ്ങള് വികസിത് ഭാരത് എന്ന ലക്ഷ്യത്തിന് വേണ്ടി 24x7 എന്ന നിലയില് 2047ന് വേണ്ടി പ്രവര്ത്തിക്കുകയാണെന്നും മോദി വ്യക്തമാക്കി. 2014ന് മുമ്പ് അഴിമതിക്ക് പിന്നാലെ അഴിമതി എന്ന നിലയിലുള്ള കാലഘട്ടമായിരുന്നു. രാജ്യം അവരെ സേവിക്കാന് 2014ല് ഞങ്ങള്ക്ക് അവസരം തന്നു. അത് രാജ്യത്തിന്റെ വികസനത്തിന്റെ തുടക്കമായിരുന്നു. ഇന്നത്തെ ഇന്ത്യ സര്ജിക്കല് സ്ട്രൈക്ക് നടത്തി. ഇന്ന് സുരക്ഷയെക്കുറിച്ചും രക്ഷയെക്കുറിച്ചും ജനങ്ങള്ക്കറിയാം. ഇന്ന് ഇന്ത്യക്ക് എന്തും ചെയ്യാന് സാധിക്കും. ആര്ട്ടിക്കിള് 370ന്റെ മതില് തകര്ത്തു ജനാധിപത്യം ശക്തിപ്പെട്ടുവെന്നും മോദി വ്യക്തമാക്കി.

കഴിഞ്ഞ പത്തുവര്ഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ 10-ാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന് സാധിച്ചു. ഇപ്പോള് ഞങ്ങള് അതിനെ മൂന്നാം സ്ഥാനത്തേയ്ക്ക് കൊണ്ടുവരികയാണ്. ഞങ്ങള് ആധുനിക ഇന്ത്യയിലേയ്ക്ക് മുന്നേറുകയാണ്. കഴിഞ്ഞ പത്ത് വര്ഷം സ്ത്രീശാക്തീകരണത്തിന്റെ നിരവധി പടവുകള് പിന്നിടാന് സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ മൂന്നാമൂഴം എന്നാല് ഞങ്ങള് മൂന്നിരട്ടി പരിശ്രമിക്കുമെന്നും അതിന്റെ അര്ത്ഥം മൂന്നിരട്ടി ഫലപ്രാപ്തി ഉണ്ടാക്കുമെന്നുമാണ് എന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാണിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം എന്ഡിഎ വലിയ വിജയമാണ് നേടിയത്. ആറ് മാസം മുമ്പ് ഞങ്ങള് രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. കേരളത്തില് ബിജെപി ഇത്തവണ അക്കൗണ്ട് തുറന്നു. ഈ തിരഞ്ഞെടുപ്പില് കോണ്ഗ്രസിനും ഒരു ജനവിധി കിട്ടി. ആ ജനവിധി പ്രതിപക്ഷത്ത് ഇരിക്കണമെന്നായിരുന്നുവെന്നും മോദി വ്യക്തമാക്കി.

പ്രതിപക്ഷത്തെ സംബന്ധിച്ച് ഇത് മൂന്നാമത്തെ വലിയ പരാജയമാണ്. പക്ഷെ അവര് കരുതുന്നത് ഞങ്ങളെ തോല്പ്പിച്ചുവെന്നാണ്. ഇത്തവണ അവര്ക്ക് ഏതാണ്ട് 99 സീറ്റ്നേടാന് സാധിച്ചുവെന്നും കോണ്ഗ്രസിനെ പരിഹസിച്ചുകൊണ്ട് മോദി ചൂണ്ടിക്കാണിച്ചു. ഒരു വിദ്യാര്ത്ഥി തന്റെ 99 മാര്ക്ക് കാണിച്ച് ആഹ്ലാദിക്കുകയാണ്. അപ്പോള് അവന്റെ ടീച്ചര് പറഞ്ഞു ഇത് 100ല് 99 അല്ല മറിച്ച് 543ല് 99 ആണ്. ഈ തിരഞ്ഞെടുപ്പ് കോണ്ഗ്രസിന്റെ സഖ്യകക്ഷികള്ക്ക് ഒരു സന്ദേശമാണ്. കോണ്ഗ്രസ് പ്രധാന പാര്ട്ടിയായിരുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രകടനം വളരെ മോശമാണ്. ജൂനിയര് പാര്ട്ണര് ആയ സംസ്ഥാനങ്ങളില് മാത്രമാണ് കോൺഗ്രസിന് നേട്ടമുണ്ടാക്കാനായത്. മൂന്ന് സംസ്ഥാനങ്ങളില് രണ്ട് സീറ്റ് മാത്രമാണ് കോണ്ഗ്രസിന് നേടാനായത്. തെരഞ്ഞെടുപ്പ് വിജയത്തിനായി സഖ്യകക്ഷികളെ ആശ്രയിച്ച് ജീവിക്കുന്ന പരാന്ന ജീവിയാണ് കോണ്ഗ്രസെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. കോണ്ഗ്രസ് രാജ്യത്ത് അരാജകത്വം പരത്തുകയാണ്. കോണ്ഗ്രസ് സിഎഎയുടെ പേരില് അരാജകത്വം സൃഷ്ടിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us