രാഹുലിന്റെ പ്രസംഗത്തിന് വെട്ട്; 'ഹിന്ദു, അഗ്നിവീർ' പരാമർശങ്ങള് സഭാരേഖകളിൽ നിന്ന് നീക്കി

ബിജെപിക്കെതിരായും, ആർഎസ്എസിനെതിരായുമുള്ള പരാമർശങ്ങളും നീക്കി

dot image

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിൽനിന്നുമുള്ള 'ഹിന്ദു', 'അഗ്നിവീർ' പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കി. ബിജെപിക്കെതിരായും, ആർഎസ്എസിനെതിരായുമുള്ള പരാമർശങ്ങളും നീക്കി.

ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ രാഹുല് ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നൽകിയിരുന്നു. രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളിൽനിന്ന് പരാമർശം നീക്കിയത്.

ഇവ കൂടാതെ ബിജെപി, ആർഎസ്എസ് എന്നിവർക്കെതിരായ പരാമർശങ്ങളും നീക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ ഇന്ന് മറുപടി പറയാനിരിക്കെയാണ് പരാമർശങ്ങൾ നീക്കിയത്.

കനത്ത ആക്രമണമാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മോദിക്കെതിരെ ലോക്സഭയിൽ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള് പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്സഭയില് രാഹുല് ശിവന്റെ ചിത്രം ഉയര്ത്തിയ രാഹുൽ എന്നാല് ബിജെപി ഇക്കാര്യങ്ങള് മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല് പരാമര്ശിച്ചു.

എന്നാല് ശിവന്റെ ചിത്രം ഉയര്ത്തിയത് സ്പീക്കര് ഓം ബിര്ള എതിര്ത്തു. പ്ലക്കാര്ഡുകള് ഉയര്ത്തുന്നത് റൂള്സിന് എതിരാണെന്ന് സ്പീക്കര് പറഞ്ഞു. ഭരണഘടനക്കെതിരെ നിരന്തരം ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുല് ഗാന്ധി ചൂണ്ടികാട്ടി.

'ഇന്ത്യ, ഭരണഘടന, ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുത്തുനില്ക്കുന്ന വ്യക്തികള് ഉള്പ്പെടെയുള്ളവര്ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളില് പലരും ആക്രമിക്കപ്പെട്ടു. ചില നേതാക്കള് ഇപ്പോഴും ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്ത്തവരും ദരിദ്രരും ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു. രാഹുല് ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിര്ദേശപ്രകാരം നല്കിയ സര്ക്കാര് ഉത്തരവില് ഞാനും ആക്രമിക്കപ്പെട്ടു. അതില് ഏറ്റവും ആസ്വാദ്യകരമായത് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂര് ചോദ്യം ചെയ്യല് ആയിരുന്നുവെന്നും രാഹുല് ഗാന്ധി പരിഹസിച്ചിരുന്നു.

എന്നാൽ രാഹുല് ഗാന്ധി രാജ്യത്തെ മുഴുവന് ഹിന്ദുക്കളെയും അപമാനിച്ചെന്നും ഹിന്ദുക്കള് അക്രമകാരികളാണെന്ന് പരാമര്ശം ഗുരുതരമാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. രാഹുല് ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image