ന്യൂഡൽഹി: ഇലക്ട്രിക്ക് വാഹന രംഗത്ത് പുതിയ വിപ്ലവത്തിന് ഒരുങ്ങുകയാണ് സ്കോഡ. നിലവിലുള്ള തങ്ങളുടെ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി മൈലേജിന് അധിക പ്രാധാന്യം നൽകിയുള്ള പുതിയ മോഡലാണ് ഇപ്പോൾ കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്. 'എൽറോഖ്' എന്നാണ് മോഡലിന് പേരിട്ടിരിക്കുന്നത്. ഫോക്സ് വാഗൺ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോമായ എംഇബി പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്. വാഹനത്തിന്റെ ഏറ്റവും വലിയ ആകർഷണം മൈലേജ് തന്നെയാണ്. ഒറ്റ ചാർജിൽ 560 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് വണ്ടിയുടെ പ്രത്യേകത.
ഈ വർഷം നവംബറിൽ 'എൻയാഖ്' എന്ന പേരിൽ സ്കോഡ മറ്റൊരു ഇലക്ട്രിക്ക് വാഹനം കൂടി ഇറക്കുന്നുണ്ട്. പ്രീമിയം വിഭാഗത്തിൽ അവതരിപ്പിക്കുന്ന 'എൻയാഖ്' ന് പക്ഷെ വില കൂടുതലാകും. മിഡ്റേഞ്ച് ഗണത്തിൽപ്പെടുന്ന വാഹന പ്രേമികൾക്ക് വേണ്ടിയാണ് 'എൽറോഖ്' ഒരുക്കുന്നത്. രണ്ട് ഇവി എസ് യു വികൾ ഫോക്സ്വാഗൺ ഗ്രൂപ്പിൽ നിന്ന് ഒരുമിച്ച് വരുന്നു എന്ന ആവേശത്തിലാണ് വാഹനപ്രേമികൾ. എൽറോഖിന് റിയർ വീൽ ഡ്രൈവും ഓൾ വീൽ ഡ്രൈവും ഉണ്ടാകുമെന്നതും വാഹനപ്രേമികളെ സംബന്ധിച്ച് സന്തോഷം നൽകുന്ന വാർത്തയാണ്. അത്യാവശ്യം ഓഫ് റോഡ് ചെയ്യാൻ സാധിക്കുന്ന ഒരു കാര് എന്നത് ഏറെ ആവേശമുണ്ടാക്കുന്ന കാര്യമാണ്.
നാല് വേരിയന്റുകളിലായാണ് വാഹനം പുറത്തിറങ്ങുന്നത്. എൽറോഖ് 50 ആണ് ബേസ് മോഡൽ. ഈ മോഡലിൽ 125 കിലോ വാട്സ് ഉള്ള ഇലക്ട്രിക്ക് മോട്ടോറും 55 കിലോവാട്സ് ഉള്ള ബാറ്ററി പാക്കുമായിരിക്കും. അടുത്ത വേരിയന്റ് എൽറോഖ് 60. കൂടുതൽ ശക്തമായ 150 കിലോവാട്സ് ഇലക്ട്രിക് മോട്ടോറും കൂടുതൽ ക്ഷമതയുള്ള 63 കിലോവാട്സ് ബാറ്ററി പാക്കും. ടോപ് ഏൻഡ് വേരിയന്റുകളായി എൽറോഖ് 85, 85 എക്സ് എന്നിങ്ങനെ രണ്ട് മോഡലുകളുണ്ടാകും. അതിൽ 82 കിലോവാട്ട്സിന്റെ ബാറ്ററി പാക്കും 210 കിലോവാട്ട്സിന്റെ ഇലക്ട്രിക്ക് മോട്ടോറുമുണ്ടാകും. എക്സ് വേരിയന്റിൽ മുന്നിൽ ഒരു ഇലക്ട്രിക് മോട്ടോർ കൂടി അധികമായുണ്ടാകും.