റാഞ്ചി: ഭൂമി തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങിയ ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായേക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. എന്നാൽ ഇപ്പോൾ ജാമ്യം ലഭിച്ചതോടെ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് ജാർഖണ്ഡ് മുക്തി മോർച്ച നേതാവ്.
ഇതുമായി ബന്ധപ്പെട്ട് റാഞ്ചിയിൽ ഇൻഡ്യ സഖ്യ എംഎൽഎമാരുടെ യോഗം ചേർന്നു. സോറൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് യോഗത്തിൽ തീരുമാനമായതായാണ് ലഭിക്കുന്ന വിവരം. ജൂൺ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്. ഇതിനിടെ നിലവിലെ മുഖ്യമന്ത്രി ചംപയ് സോറന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഹേമന്ത് സോറൻ രാജിവച്ചതോടെയാണ് ബന്ധുവായ ചംപയ് സോറൻ മുഖ്യമന്ത്രിയായത്.
യോഗ തീരുമാനം നടപ്പിലായാൽ ഇത് മൂന്നാം തവണയാകും ഹേമന്ത് സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന ചംപയ് സോറൻ ജാർഖണ്ഡ് മുക്തി മോർച്ച വർക്കിങ് പ്രസിഡന്റാകും. ഗവർണർ സി പി രാധാകൃഷ്ണൻ റാഞ്ചിയിൽ മടങ്ങിയെത്തിയാൽ ഇൻഡ്യ മുന്നണി സഖ്യം അദ്ദേഹത്തെ നേരിട്ട് കാണും. ചംപയ് സോറൻ വൈകീട്ടോടെ രാജി ഗവർണർക്ക് സമർപ്പിച്ചേക്കും. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം സോറൻ ഉന്നയിക്കും. ഇതിന് മുമ്പ് ജെഎംഎമ്മിന്റെയും ഇൻഡ്യ മുന്നണിയുടെയും നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ തിരഞ്ഞെടുക്കും.
ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരായ കേസ്. അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയിൽ ഒപ്പിടൂ എന്ന് സോറൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഹേമന്ത് സോറൻ രാജിവയ്ക്കുകയായിരുന്നു.
കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കൽക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്.