ഡല്ഹി: മണിപ്പൂരിൽ നടക്കുന്ന കുകി-മെയ്തി സംഘർഷത്തിൽ സംസ്ഥാന സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് സുപ്രിം കോടതി. മണിപ്പൂര് സര്ക്കാരിനെ വിശ്വാസമില്ലെന്നായിരുന്നു അവധിക്കാല ബെഞ്ചിന്റെ പരാമർശം. ആരോഗ്യ പ്രശ്നങ്ങളുള്ള തടവുകാരന് ചികിത്സ നിഷേധിച്ചതിലാണ് വിമര്ശനം. കുകി വിഭാഗത്തില് നിന്നുള്ളയാള് ആയതുകൊണ്ടാണോ ചികിത്സ നിഷേധിച്ചത് എന്നും സുപ്രീം കോടതി ചോദിച്ചു. തടവുകാരന്റെ മെഡിക്കല് റിപ്പോര്ട്ട് ഹാജരാക്കാനും കോടതി നിര്ദ്ദേശം നൽകി. മെഡിക്കല് റിപ്പോര്ട്ട് ഗുരുതരമെങ്കില് സംസ്ഥാന സർക്കാർ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ജസ്റ്റിസുമാരായ ജെ ബി പർദിവാല , ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നൽകി.
വിചാരണ കുറ്റത്തിന് പ്രതിയായ ഇയാൾക്ക് പൈൽസും ക്ഷയരോഗവും ഉണ്ടെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കടുത്ത നടുവേദനയെക്കുറിച്ച് ജയിൽ അധികൃതരോടും ഇയാൾ പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ സെൻട്രൽ ജയിലിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ജയിൽ അധികൃതർ തയ്യാറായില്ല എന്നും കോടതി നിരീക്ഷിച്ചു.
ഇയാളെ ഗുവാഹത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റാനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുവാനും നടപടികൾ കോടതിയെ അറിയിക്കാനും സുപ്രീംകോടതി ജയിൽ സൂപ്രണ്ടിന് കർശന നിർദേശം നൽകി. ഇദ്ദേഹത്തിന്റെ വിശദമായ മെഡിക്കൽ റിപ്പോർട്ട് ജൂലായ് 15 ന് മുന്നേ സമർപ്പിക്കണമെന്നും എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ തന്നെ വഹിക്കണമെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.