ബെംഗളുരു: കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന കന്നട നടൻ ദർശൻ തൂഗുദീപയുടെ ജയിലിലെ വസ്ത്രത്തിന് സമാനമായ വസ്ത്രം ധരിപ്പിച്ച് കുഞ്ഞിന്റെ ചിത്രം പകർത്തിയ മാതാപിതാക്കൾക്കെതിരെ നടപടി. ദർശന്റെ ജയിൽ വസ്ത്രത്തിന്റെ നമ്പർ അടക്കം ഉൾപ്പെടുത്തിയുള്ള വസ്ത്രമാണ് കുഞ്ഞിനെ ധരിപ്പിച്ചത്. സംഭവത്തിൽ സംസ്ഥാന ശിശു ക്ഷേമ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
ജയിൽ വേഷവും സമീപത്തായി കൈവിലങ്ങും ദർശന്റെ ജയിൽ വേഷത്തിന്റെ നമ്പറുമായുള്ള കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് ശിശു ക്ഷേമ വകുപ്പ് സ്വമേധയാ കേസെടുത്തത്. ഫോട്ടോഷൂട്ട് നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം ശശിധർ കൊസാമ്പി പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
6106 ആണ് ദർശന്റെ ജയിലിലെ നമ്പർ. ദർശന്റെ ആരാധകരിലൊരാൾ ഈ നമ്പർ ടാറ്റു ചെയ്യുകയും മറ്റൊരാൾ ഈ നമ്പർ വാഹനത്തിന് നൽകുകയും ചെയ്തത് സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. ഖൈദി നമ്പർ 6106 എന്ന പേര് രജിസ്റ്റർ ചെയ്യാൻ ചിലർ ഫിലിം ചേമ്പറിനെയും സമീപിച്ചിരുന്നു. ഇത്തരം നടപടികളിൽ അധികൃതർ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ഫോട്ടോഷൂട്ട്.
രേണുക സ്വാമിയെന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ദർശനും പങ്കാളി പവിത്ര ഗൗഡയുമടക്കമുള്ളവർ ജയിലിൽ കഴിയുന്നത്. ആദ്യം ആത്മഹത്യയെന്ന് കരുതിയെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ദര്ശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകം നടന്നത്. രേണുക സ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ചിത്രദുർഗയിലെ തൻ്റെ ഫാൻസ് ക്ലബ്ബിൻ്റെ കൺവീനറായ രഘു എന്ന രാഘവേന്ദ്രയെ ദർശൻ നിയോഗിച്ചിരുന്നതായും കൊല്ലപ്പെടുന്നതിന് മുമ്പ്, രേണുക സ്വാമിയെ ക്രൂരമായ മർദ്ദിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രേണുക സ്വാമിയെ ഷോക്കടിപ്പിക്കുമ്പോളും കമ്പും വടികളും കൊണ്ട് അക്രമിക്കുമ്പോളുമെല്ലാം പവിത്ര ഗൗഡ സ്ഥലത്തുണ്ടായിരുന്നതായാണ് കണ്ടെത്തൽ. പിന്നീട് അവർ അവിടെനിന്ന് മാറിയെന്നും രേണുകയുടെ മരണം നടന്നത് അതിന് ശേഷമാണെന്നുമാണ് റിപ്പോർട്ടുകൾ. ദർശനും കൂട്ടാളികളും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ ശരീരത്തിൽ 15 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. തലയിലും വയറിലും നെഞ്ചിലും മറ്റു ഭാഗങ്ങളിലും മുറിവുകളും പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേണുക സ്വാമിയുടെ തല മിനി ട്രക്കിൽ ഇടിച്ചതായും പറയുന്നുണ്ട്. ബെംഗളൂരുവിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഒരു മിനി ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളെ പീഡിപ്പിക്കാൻ ഉപയോഗിച്ച മരത്തടികൾ, ലെതർ ബെൽറ്റ്, കയർ എന്നിവയും പൊലീസ് കണ്ടെടുത്തിരുന്നു.