പൂനെ : പൂനെയിൽ പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എൻജിനിയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ കൗമാരക്കാരൻ്റെ അച്ഛനും മുത്തച്ഛനും ജാമ്യം അനുവദിച്ചു. കുടുംബ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിലാക്കിയ കേസിൽ കോടതി ജാമ്യം അനുവദിച്ചതായി പ്രതിഭാഗം അഭിഭാഷകനായ അഡ്വക്കേറ്റ് പ്രശാന്ത് പാട്ടീൽ അറിയിച്ചു. 17 വയസ്സുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. എന്നാൽ അപകടസമയത്ത് കാർ ഓടിച്ചിരുന്നതായി വ്യാജമൊഴി നൽകാൻ കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തതിരുന്നു. ഡ്രൈവർ ഗംഗാറാമിനെ വീട്ടിൽ തടഞ്ഞു വെച്ചു എന്ന് പരാതി ലഭിച്ചിരുന്നു.
സംഭവത്തിൽ കുട്ടിയുടെ രക്ത സാമ്പിളുകൾ മാറ്റാൻ ശ്രമിച്ചതിൽ കുട്ടിയുടെ മാതാപിതാക്കളും മുത്തച്ഛനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമിത വേഗതയിൽ എത്തിയ പോർഷെ ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് അനീഷ് അവാധ്യ, പങ്കാളി അശ്വിനി കോഷ്ത എന്നിവർ കൊല്ലപ്പെട്ടത്. അപകടം സംഭവിച്ച ഉടനെ തന്നെ ഇരുവരേയും അവധ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.
മെയ് 19-നാണ് പതിനേഴുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ട് ഐടി ഉദ്യോഗസ്ഥർ മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കല്യാണി നഗർ ഭാഗത്ത് അമിതവേഗതയിൽ പോർഷെ ഓടിച്ചുവരികയായിരുന്നു കൗമാരക്കാരൻ. സംഭവത്തിൽ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാക്കത്തതിനാൽ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിലെക്ക് മാറ്റിയിരുന്നു.