ന്യൂഡല്ഹി: ഹരിയാന, ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പില് മത്സരം ഒറ്റയ്ക്കെന്ന് കോണ്ഗ്രസ്. മഹാരാഷ്ട്രയിലും ജാര്ഖണ്ഡിലും ഇന്ഡ്യാ സഖ്യം ഒരുമിച്ച് ജനവിധി തേടുമെന്നും എഐസിസി ജനറല് സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില് ഇന്ഡ്യാ സഖ്യം ഒന്നിച്ചു മത്സരിക്കുന്നത് സംബന്ധിച്ച് ഏക സമവാക്യം ഇല്ലെന്നും ജയറാം രമേശ് പറഞ്ഞു.
'പഞ്ചാബില് സഖ്യമില്ല. ഹരിയാനയില് ലോക്സഭാ തിരഞ്ഞെടുപ്പില് ആപ്പിന് ഒരു സീറ്റ് നല്കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില് സഖ്യസാധ്യത ഉണ്ടെന്ന് ഞാന് കരുതുന്നില്ല. ഡല്ഹിയില് സഖ്യമില്ലെന്ന് ആപ്പ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്', ജയറാം രമേശ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില് ഡല്ഹിയില് ഒന്നിച്ച് മത്സരിച്ച ആപ്പും കോണ്ഗ്രസും പഞ്ചാബില് ഒറ്റക്കായിരുന്നു ജനവിധി തേടിയത്. മഹാരാഷ്ട്രയില് മഹാവിഘാസ് അഘാഡി സഖ്യമായിരിക്കും ഇത്തവണയും മത്സരിക്കുകയെന്ന് എന്സിപി നേതാവ് ശരദ് പവാര് പറഞ്ഞിരുന്നു. ഞങ്ങള്ക്കിടയില് 'വല്ല്യേട്ടന്' ഇല്ലെന്നും ഓരോ സീറ്റും പരിശോധിച്ച് മെറിറ്റിന്റെ അടിസ്ഥാനത്തില് സീറ്റ് വിഭജനം പൂര്ത്തിയാക്കുമെന്നുമായിരുന്നു പ്രതികരണം.