ലക്ഷദ്വീപിൽ വീണ്ടും അശാന്തി പുകയുന്നു; 'പണ്ടാരം ഭൂമി' ഏറ്റെടുക്കുന്നതിൽ പ്രതിഷേധം ശക്തം

പുറമ്പോക്ക് സ്വഭാവമുള്ള ഈ ഭൂമി സർക്കാരിന്റേതാണെന്നും ജനങ്ങൾക്ക് പാട്ടത്തിന് നൽകിയ ഭൂമിയാണെന്നുമാണ് അധികൃതരുടെ വാദം

dot image

കവരത്തി: ഒരിടവേളയ്ക്ക് ശേഷം ലക്ഷദ്വീപിൽ വീണ്ടും അശാന്തി പുകയുന്നു. 'പണ്ടാരം ഭൂമി' പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെയാണ് ദ്വീപിൽ വീണ്ടും ക്രമസമാധാനത്തിന് പോറലേൽക്കുന്നത്.

വികസന പ്രവർത്തനങ്ങൾക്കായാണ് ഈ ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. റോഡ്, ടൂറിസം, ആശുപത്രികൾ എന്നിങ്ങനെ വലിയ പദ്ധതികളാണ് അധികൃതർക്കുള്ളത്. ഈ പുറമ്പോക്ക് സ്വഭാവമുള്ള ഈ ഭൂമി സർക്കാരിന്റേതാണെന്നും ജനങ്ങൾക്ക് പാട്ടത്തിന് നൽകിയ ഭൂമിയാണെന്നുമാണ് അധികൃതരുടെ വാദം. ഇതിന്റെ ചുവടുപിടിച്ചാണ് ഭൂമി ജനങ്ങളുടെ അനുമതിയോ സമ്മതമോ നോക്കാതെ അധികൃതർ സർവേക്കായി എത്തിയത്.

കാലാകാലങ്ങളായി ജനങ്ങൾ കൃഷി ചെയ്ത് പോരുന്ന ഭൂമിയാണ് 'പണ്ടാരം ഭൂമി'. ദ്വീപിലെ നിരവധി ജനങ്ങളുടെ ജീവിതം തന്നെ ഇത്തരം പണ്ടാര ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവ ഏറ്റെടുത്താൽ പലരുടെയും ജീവിതം തന്നെ ദുരവസ്ഥയിലാകും. അവയാണ് കൃത്യമായ നഷ്ടപരിഹാരം പോലും ഉറപ്പാക്കാനാകാതെ അധികൃതർ കയ്യടക്കുന്നതെന്നാണ് ദ്വീപ് നിവാസികളുടെ പക്ഷം.

അതേസമയം, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവിധ ദ്വീപുകളിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുൻപാകെ വലിയ പ്രതിഷേധമാണ് ദ്വീപ് നിവാസികൾ ഉയർത്തുന്നത്. പല ഉദ്യോഗസ്ഥരെയും ജനങ്ങൾ തടഞ്ഞു. ഉദ്യോഗസ്ഥർ പിന്നീട് പൊലീസ് സംരക്ഷണത്തിൽ സർവേയുമായി മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായിത്തന്നെ തുടർന്നു.

പണ്ടാര ഭൂമി ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 29നാണ് ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കളക്ടർ അടക്കമുള്ളവർക്ക് നിർദ്ദേശം നൽകിയത്. ഏറ്റെടുക്കൽ നടക്കുകയാണെങ്കിൽ 3117 വീടുകളും നിരവധി ആരാധനാലയങ്ങളും കൃഷിയുമടക്കം നഷ്ടപ്പെടും. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഇതുവരെ വ്യക്തതയില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us