
ന്യൂഡല്ഹി: സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര് മരിച്ച ഉത്തര്പ്രദേശിലെ ഹാഥ്റസിലേക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. രാഹുല് ഗാന്ധിയുടെ സന്ദര്ശനം എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ദാരുണ സംഭവമാണ് ഹാഥ്റസില് നടന്നത്. ദുരന്തസ്ഥലം സന്ദര്ശിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുല് ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം നേരില് കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. സന്ദര്ശന തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും കെ സി വേണുഗോപാല് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഹഥ്റാസ് ദുരന്തത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള് ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതിരുകടന്ന ആൾദൈവ ആരാധനയും സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയുമാണ് ഹഥ്റാസ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.
ആൾദൈവം യാത്ര ചെയ്ത കാര് നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണം. ദുരന്തത്തിന് കാരണമായ 'സത്സംഗ്' സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം 'ഭോലെ ബാബ' അഥവാ നാരായണ് സാകര് ഹരി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.