അമൃത്സർ: പഞ്ചാബ് ശിവസേന നേതാവിനെതിരെ പട്ടാപ്പകൽ തിരക്കേറിയ റോഡിൽവെച്ച് വധശ്രമം. ആക്രമണത്തിൽ പഞ്ചാബ് ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നേതാവിനെ ലുഥിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലുഥിയാനയിലെ തിരക്കേറിയ ഒരു തെരുവിന് നടുവിലാണ് ആക്രമണം ഉണ്ടായത്. നിഹാംഗുകളുടെ വേഷത്തിലെത്തിയ ആക്രമകാരികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറിനെ ആക്രമിക്കുകയായിരുന്നു. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ സന്ദീപ് ഥാപ്പറിന് ഗൺമാനെ നൽകിയിരുന്നു. എന്നാൽ നിഹാംഗുകള് ആക്രമിക്കുന്നതിനിടെ ഗൺമാൻ ഓടി രക്ഷപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിലെത്തിയ നേതാവിന്റെ അരികിലേക്ക് അക്രമികൾ എത്തുന്നതും അവർ എന്തോ സംസാരിക്കുന്നതും വീഡിയോയില് കാണാം. അതിനിടയിൽ ശിവസേന നേതാവ് കൈകൂപ്പുന്നുണ്ട്. എന്നാൽ അക്രമികളിൽ ഒരാൾ വാള് വീശി ആക്രമിക്കാൻ തുടങ്ങി. കൂടെയുണ്ടായിരുന്ന പൊലീസുകാരൻ ഇടപെടാൻ ശ്രമിക്കുമ്പോൾ അയാളെ അക്രമികളിൽ ഒരാൾ മാറ്റി നിർത്തുന്നുന്നതും വീഡിയോയിൽ കാണാം.
ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കുമാണ് ഗുരുതരമായി വെട്ടേറ്റത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ 11.40ന് ഒരു പരിപടിയിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം.