ലഖ്നൗ: ദശകങ്ങള്ക്ക് ശേഷം ദളിത് വോട്ടുകള് മടങ്ങി വന്ന സന്തോഷത്തിലാണ് ഉത്തര്പ്രദേശിലെ കോണ്ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്ഗ്രസിന്റെ ഈ വിലയിരുത്തല്. അത് കൊണ്ട് തന്നെ 2027ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദളിത് സമുദായങ്ങളെ ഒപ്പം നിര്ത്താനുള്ള പ്രവര്ത്തന പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് കോണ്ഗ്രസ്. ഹൈക്കമാന്ഡിന്റെ നിര്ദ്ദേശപ്രകാരമാണ് പുതിയ നീക്കം.
ദളിത് വിഭാഗങ്ങള്ക്കിടയില് പ്രത്യേക അംഗത്വ വിതരണം നടത്താനൊരുങ്ങുകയാണ് സംസ്ഥാനത്തെ കോണ്ഗ്രസ്. ഓരോ നിയമസഭ മണ്ഡലത്തിലെയും സ്വാധീനമുള്ള ദളിത് വ്യക്തിത്വങ്ങളെ തിരിച്ചറിഞ്ഞ് അവരിലെത്തുക. ഡിവിഷന് തലങ്ങളില് പ്രത്യേക സമ്മേളനങ്ങളും ജില്ലാ തല ദളിത് കൂട്ടായ്മകളും സംഘടിപ്പിക്കും.
ലഖ്നൗവിലെ സംസ്ഥാന കാര്യാലയത്തില് നടന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് 15 ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയുടെ വിശദരൂപം ഉണ്ടായത്. സംസ്ഥാനത്തെ വിവിധ ദളിത് നേതാക്കളുടെ ഉപദേശങ്ങള് സ്വീകരിച്ചതിന് ശേഷമാണ് പരിപാടിക്ക് രൂപം കൊടുത്തിരിക്കുന്നത്. പരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വദേശമായ ഗൊരക്പൂര്, ലഖ്നൗ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ വാരണാസി, മീററ്റ് എന്നിവിടങ്ങളിലാണ് ആദ്യത്തെ നാല് സമ്മേളനങ്ങള് നടക്കുക.
'ദളിതുകള് പരമ്പരാഗതമായി ഞങ്ങളുടെ വോട്ട് ബാങ്കാണ്. പക്ഷെ ചില തെറ്റിദ്ധാരണകളാല് കുറച്ചുകാലമായ അവര് അകന്നുനില്ക്കുകയായിരുന്നു. എന്തായാലും ഈ തിരഞ്ഞെടുപ്പില് അവര്, ഭരണഘടനയുടെ പേരിലോ രാഹുല് ഗാന്ധിയുടെ പേരിലോ ഞങ്ങളെ പിന്തുണച്ചു.', ദളിത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് അലോക് പ്രസാദ് പറഞ്ഞു.
'ദളിതുകള് ഞങ്ങളെ പിന്തുണക്കുന്ന ഒരു ചുവട് വെച്ചു. ഇനി അവരിലേക്കെത്തുന്ന ഒരു ചുവട് വെയ്ക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാ'ണെന്നും അലോക് പ്രസാദ് പറഞ്ഞു. താഴെ തട്ടില് പാര്ട്ടി ദളിത് സംഘടന സജീവമാക്കാന് പ്രമുഖ ദളിത് വ്യക്തിത്വങ്ങളെ നേതൃത്വമേല്പ്പിക്കാനും കോണ്ഗ്രസ് ആലോചിക്കുന്നു. ദളിത് സമുദായങ്ങളില് നിന്നുള്ള പ്രൊഫഷണലുകളുടെ അടുത്തേക്ക് എത്താനും അവരുടെ നിര്ദേശങ്ങള് സ്വീകരിക്കാനും പാര്ട്ടിക്ക് ഉദ്ദേശമുണ്ട്.