ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയുമായുള്ള കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ. ആന്ധ്രയിലെ ഭദ്രാചലം പ്രദേശത്തെ അഞ്ച് പഞ്ചായത്തുകൾ തെലങ്കാനയ്ക്ക് കൈമാറാൻ തീരുമാനമായി.
വിഭജനത്തിന് ശേഷം നടക്കേണ്ട ഭൂമി വ്യവഹാരങ്ങളും മറ്റും ചർച്ച ചെയ്യാനും കൂടിയായിരുന്നു കൂടിക്കാഴ്ച. ഭദ്രാചലം ക്ഷേത്രത്തിന് ചുറ്റുമുള്ള ഈ പ്രദേശങ്ങളുടേതുതടക്കം നിരവധി വിഷയങ്ങളാണ് ചർച്ചയിൽ ഉയർന്നുവന്നത്. നിലവിൽ ഈ വിഷയങ്ങൾ പഠിക്കാൻ ഇരു സംസ്ഥാനങ്ങളും സംയുക്തമായി ഒരു വിദഗ്ധ കമ്മീഷനെ നിയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അഞ്ച് പഞ്ചായത്തുകളെ തെലങ്കാനയിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്.
ഈ വിഷയത്തിൽ ഇനിയങ്ങോട്ട് ഒരുമിച്ച് നീങ്ങാനാണ് ഇരു സംസ്ഥാനങ്ങളുടെയും ധാരണ. പഞ്ചായത്തുകൾ കൈമാറപ്പെടണമെങ്കിൽ ആന്ധ്രാ പ്രദേശ് റീഓർഗനൈസേഷൻ നിയമത്തിൽ ഭേദഗതി വരുത്തണം. ഇതിനായി കേന്ദ്രസർക്കാരിനെ സമീപിക്കാനും തീരുമാനമായി.
ഭേദഗതി അംഗീകരിക്കപ്പെട്ടാൽ എടപ്പാക, ഗുണ്ടല, പുരുഷോത്തപട്ടണം തുങ്ങി അഞ്ചോളം പഞ്ചായത്തുകളാണ് തെലങ്കാനയിലേക്ക് കൈമാറപ്പെടുക. വർഷങ്ങളായുള്ള ജനങ്ങളുടെ ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. 2014ലെ സംസ്ഥാന വിഭജനത്തിന് ശേഷം ഭദ്രാചലം ക്ഷേത്രം തെലങ്കാനയിലും, എന്നാൽ ക്ഷേത്രത്തിന്റെ ഭൂമി ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ആന്ധ്രയിലും ഉൾപ്പെട്ടു. ഇത് മൂലം ക്ഷേത്രത്തിന് ചുറ്റുമുള്ള പഞ്ചായത്തുകളിലെ ജനങ്ങൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.