പുരി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കുകളുള്ളതായും റിപ്പോർട്ടുകളുണ്ട്.
രഥം വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരാൾ മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പതിനഞ്ചോളം പേർക്ക് പരിക്കുകളുള്ളതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെയെല്ലാം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇവരെ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ് സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ ഉറപ്പ് നൽകുകയും ചെയ്തു.
121 പേർ മരിച്ച ഹാഥ്റസ് ദുരന്തം നടന്ന് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പുരിയിൽ ഭയപ്പെടേണ്ടതായ ഒരു സാഹചര്യം ഇല്ലായെങ്കിലും ഒരു മരണം ഉണ്ടായത് അധികൃതരെ കൂടുതൽ ഉണർന്നുപ്രവർത്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഹാഥ്റസിലെ മരണങ്ങൾ അപകടമല്ല ഗൂഢാലോചനയെന്ന് ആരോപിച്ച് ആൾദൈവം ഭോലേ ബാബ എന്ന സൂരജ് പാലിന്റെ അഭിഭാഷകൻ രംഗത്തെത്തി. 121 പേരുടെ മരണത്തിന് ഇടയാക്കിയ, ജൂലൈ രണ്ടിലെ സത്സംഗിൽ മുഖം മറച്ച 15-16 ആളുകൾ ഉണ്ടായിരുന്നു. ഇവർ ആൾക്കൂട്ടത്തിലേക്ക് വിഷപ്പുക സ്പ്രേ ചെയ്ത് കാറിൽ കയറി രക്ഷപ്പെട്ടുവെന്നാണ് അഭിഭാഷകൻ എ പി സിങ്ങിന്റെ വാദം.
ഭോലെ ബാബയെ കുടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച എ പി സിങ്, പൊലീസ്, അഗ്നിശമന, ട്രാഫിക് വകുപ്പുകളിൽ നിന്ന് എടുത്ത ക്ലിയറൻസ് രസീതികൾ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. ഇത് അപകടമല്ല, കൊലപാതകമാണെന്നാണ് ഇയാളുടെ വാദം.
സംഭവത്തിൽ ഇതുവരെ യുപി പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും മൂന്ന് വൃദ്ധരും ഉൾപ്പെടും. ഇതിൽ ചിലർ സത്സംഗിന്റെ സംഘാടകരാണ്. സത്സംഗിന്റെ പ്രധാന സംഘാടകനായ ദേവ് പ്രകാശ് മധുകർ ആണ് മുഖ്യപ്രതി.