ഒരാഴ്ചയിൽ മൂന്ന് ഭീകരാക്രമണം, ഒരുമാസത്തിനിടെ ആറ്; കശ്മീരിൽ വീണ്ടും അശാന്തി

കേന്ദ്രസർക്കാരിന് പോലും നിയന്ത്രിക്കാനാകാത്ത വിധമാണ് കഴിഞ്ഞ ഒരു മാസമായി ഭീകരാക്രമണങ്ങളുടെ തോത് ഉയരുന്നത്

dot image

ജമ്മു കശ്മീരിൽ വീണ്ടും അശാന്തി പടരുകയാണ്. തുടർച്ചയായ ഭീകരാക്രമണം കശ്മീരിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാകുന്നു. ഭീകരാക്രമണങ്ങൾ മേഖല കൈവരിച്ചിരുന്ന സന്തുലിതാവസ്ഥയെ ഇല്ലാതെയാക്കുകയാണ് എന്നാണ് ആരോപണം. കേന്ദ്രസർക്കാരിന് പോലും നിയന്ത്രിക്കാനാകാത്ത വിധമാണ് കഴിഞ്ഞ ഒരു മാസമായി ഭീകരാക്രമണങ്ങളുടെ തോത് ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് ആക്രമണങ്ങളും, കഴിഞ്ഞ ഒരു മാസത്തിനിടെ മൊത്തത്തിൽ ആറ് ഭീകരാക്രമണങ്ങളുമാണ് കാശ്മീരിൽ ഉണ്ടായത്. ഒരു ആക്രമണത്തിൻെറ തുടർച്ചയായി, പൊടുന്നനെയാണ് മറ്റൊന്ന് ഉണ്ടാകുന്നത് എന്നത് സൈനിക വൃത്തങ്ങളെ കുഴപ്പിക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യത്തെ ഞെട്ടിച്ച റിയാസി; തൊട്ടുപിന്നാലെ ദോഡ...

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകകർക് നേരെ ഭീകരാക്രമണമുണ്ടായത്. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ബസ് അടുത്തുള്ള കൊക്കയിലേക്ക് മറിയുകയും, പത്ത് പേർ മരിക്കുകയും മുപ്പത്തിയഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റിയാസിയിലെ ആക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപേ കശ്മീരിലെത്തന്നെ ദോഡ മേഖലയിൽ അടുത്ത ആക്രമണമുണ്ടായി. വനത്തിനുളിൽ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ദോഡ ജില്ലയിത്തന്നെയുണ്ടായ മറ്റൊരു ഭീകരാക്രമണത്തിൽ രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിലെ അഞ്ചു സൈനികർക്കും ഒരു സ്പെഷ്യൽ പൊലീസ് ഓഫീസറുമാണ് പരിക്കേറ്റത്. ജെയ്ഷ് ഈ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നായിരുന്നു സൈനിക വൃത്തങ്ങളുടെ വിശദീകരണം. എന്നാൽ രണ്ടാഴ്ചത്തെ ശാന്തതയ്ക്ക് ശേഷം, ജൂൺ 26ന് ദോഡയിൽ വീണ്ടും ഭീകരാക്രമണമുണ്ടാകുകയും സൈന്യം മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു.

ഒരാഴ്ച; മൂന്ന് ഭീകരാക്രമണം

അടുപ്പിച്ചടുപ്പിച്ചുള്ള ഭീകരാക്രമണങ്ങളിൽ കശ്മീർ വിറങ്ങലിച്ചുനിൽക്കുമ്പോളാണ് ജൂലൈ ആദ്യവാരത്തിൽ വീണ്ടും ആക്രമണങ്ങളുടെ ഒരു പരമ്പര അരങ്ങേറുന്നത്. ജൂലൈ ആറിന്, കുൽഗാം ജില്ലയിലെ മോഡെർഗം, ഫ്രിസൽ പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും നാല് ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രണ്ടിടങ്ങളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്ന് പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്. തൊട്ടടുത്ത ദിവസം രജൗരി ജില്ലയിലെ ഗാലുതി ഗ്രാമത്തിൽ സൈനികപോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.

ഇവയ്ക്കെല്ലാം പുറമെയാണ് കത്വയിലെ ഭീകരാക്രമണം. കത്വ ജില്ലയിലെ മച്ചേഡി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. അഞ്ച് സൈനികരാണ് ഇവിടം വീരമൃത്യു വരിച്ചത്.

കശ്മീരിൽ സമാധാനമില്ലേ?

ഒരു മാസത്തിനുളിൽത്തന്നെ കുറഞ്ഞത് ആറ് ഭീകരാക്രമണങ്ങളാണ് കശ്മീരിൽ ഉണ്ടായത്. കശ്മീരിൽ സമാധാനം ഉറപ്പാക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയ അതേ ദിവസമാണ് ആദ്യത്തെ ആക്രമണമുണ്ടായത് എന്നത് കേന്ദ്ര സർക്കാരിനെ കടുത്ത നടപടികളിലേക്ക് കടക്കാൻ പ്രേരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താനുമായി കൃത്യമായി ചർച്ച നടത്തണമെന്ന് ഏറെക്കാലമായി രാഷ്ട്രീയ നിരീക്ഷകർ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം മുൻപേ ഉയർന്നുവന്നിരുന്നുവെങ്കിലും കേന്ദ്രസർക്കാർ അത് കേട്ട ഭാവം നടിച്ചിരുന്നില്ല. ചർച്ച കൊണ്ട് യാതൊരു കാര്യവുമില്ല എന്നതായിരുന്നു കേന്ദ്രസർക്കാർ വാദം.

കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ ശേഷം തീവ്രവാദ ആക്രമണങ്ങൾ കുറയ്ക്കും എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ അവ നടപ്പിലാകുന്നില്ലെന്ന് മാത്രമല്ല, ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'സീറോ ടെറർ പ്ലാൻ' പാളിപ്പോകുന്നതുമാണ് കശ്മീരിൽ കാണുന്നത്. സംസ്ഥാനപദവി തിരികെ നൽകാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് കേന്ദ്രസർക്കാർ പദ്ധതിയിയെന്നിരിക്കെ ഭീകരാക്രമണങ്ങൾ തുടർകഥയാകുന്നത് ജനാധിപത്യത്തിൻ്റെ മടങ്ങിവരവിനും ഭീഷണിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനെ ആവേശത്തോടെയായിരുന്നു കശ്മീരിലെ വോട്ടർമാർ സ്വീകരിച്ചത്. ഉദ്യോഗസ്ഥ ഭരണം മടുത്ത കശ്മീരി ജനത ജനാധിപത്യം മടങ്ങിയെത്താൻ വലിയ നിലയിൽ ആഗ്രഹിക്കുന്നുണ്ടെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ വിലയിരുത്തലുകളുണ്ടായിരുന്നു.

dot image
To advertise here,contact us
dot image