ലഖ്നൗ: മതപരമായ ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ട ഹാഥ്റസ് ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സത്സംഗ് പ്രാർത്ഥനാചടങ്ങിൽ അനുവദിച്ചതിലും അധികം പേരെ പങ്കെടുപ്പിച്ചുവെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും റിപ്പോർട്ടിൽ പരാമർശം. കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാകുമോ എന്ന പരിശോധന സ്ഥലത്ത് നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേ സമയം പരിപാടിക്ക് നേതൃത്വം നൽകിയ ആൾദൈവം ഭോലെ ബാബയുടെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണർ എന്നിവരുൾപ്പെടെ അന്വേഷണ കമ്മീഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഭോലെ ബാബ രംഗത്തെത്തിയിരുന്നു. സംഭവം വിഷമകരമാണെന്നും താൻ കടുത്ത വിഷാദത്തിലാണെന്നും പിന്നിൽ സാമൂഹിക വിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും ഭോലെ ബാബ പ്രതികരിച്ചിരുന്നു. അതേ സമയം ഹാഥ്റാസ് ദുരന്തത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള് ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹാഥ്റാസ് ജില്ലയിലെ മുഗള്ഗര്ഹി ഗ്രാമത്തില് മതപരമായ ഒരു പരിപാടി നടക്കുമ്പോഴാണ് തിക്കും തിരക്കുമുണ്ടായി ദുരന്തമുണ്ടാകുന്നത്. പ്രാദേശികമായി നടന്ന 'സത്സംഗ്' പരിപാടിക്കിടെ ശ്വാസം മുട്ടല് അനുഭവപ്പെട്ടതിനെത്തുടര്ന്ന് ആളുകള് കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചത്. ആൾദൈവം 'സത്സംഗ്' കഴിഞ്ഞ് പോകാൻ തയ്യാറെടുക്കുമ്പോൾ വാഹനത്തിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടിയതും ദുരന്തത്തിന്റെ ആഘാതം വർധിക്കാൻ കാരണമായിരുന്നു.
ഹഥ്റാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ