ഹാഥ്റസ്: 121 പേർ മരിച്ച ഹാഥ്റസ് ദുരന്തത്തിൽ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, തഹ്സിൽദാർ, ഒരു സർക്കിൾ ഓഫീസർ എന്നിവരെ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശയിന്മേലാണ് നടപടി.
അതേസമയം പ്രത്യേക അന്വേഷണ സംഘം ഹാഥ്റസ് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സത്സംഗ് പ്രാർത്ഥനാചടങ്ങിൽ അനുവദിച്ചതും അധികം പേരെ പങ്കെടുപ്പിച്ചുവെന്നതും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നകും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാകുമോ എന്ന പരിശോധന സ്ഥലത്ത് നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പരിപാടിക്ക് നേതൃത്വം നൽകിയ ആൾദൈവം ഭോലെ ബാബയുടെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണർ എന്നിവരുൾപ്പെട്ട അന്വേഷണ കമ്മീഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സംഭവശേഷം ഇപ്പോഴും ഒളിവിലുള്ള ഭോലെ ബാബ കഴിഞ്ഞ ദിവസം ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ദുരന്തം വിഷമിപ്പിച്ചെന്നും താൻ കടുത്ത വിഷാദത്തിലാണെന്നും പിന്നിൽ സാമൂഹിക വിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും ഭോലെ ബാബ പ്രതികരിച്ചിരുന്നു. അതേ സമയം ഹാഥ്റാസ് ദുരന്തത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള് ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.