മോസ്കോ: ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി നല്കി റഷ്യ. റഷ്യന് പ്രസിഡന്റ് വ്ളാദിമര് പുടിനാണ് ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ചത്. റഷ്യയിലെ ഓഡര് ഓഫ് സെന്റ് ആന്ഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്.
ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില് ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്ണ്ണായക തീരുമാനങ്ങള് സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
റഷ്യ-യുക്രൈന് സംഘര്ഷം അവസാനിപ്പിക്കുന്നതില് വ്ളാദിമര് പുടിനുമായി തുറന്ന ചര്ച്ച നടന്നെന്നും മോദി പറഞ്ഞു. കുട്ടികള് ഉള്പ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയില് ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും പുടിനോട് മോദി പറഞ്ഞു. റഷ്യയിലെത്തിയ മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങള്ക്ക് തിരിച്ചടിയായെന്ന് യുക്രൈന് പ്രസിഡന്റ് വ്ളാദിമര് സെലന്സ്കി പറഞ്ഞിരുന്നു.
'റഷ്യയുടെ ക്രൂരമായ മിസൈല് ആക്രമണത്തിന്റെ ഫലമായി ഇന്ന് യുക്രെയ്നില് 37 പേര് കൊല്ലപ്പെട്ടു. കുട്ടികളടക്കം 170 പേര്ക്ക് പരിക്കേറ്റു. ഒരു റഷ്യന് മിസൈല് ആക്രമണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്കോയില്വെച്ച് കെട്ടിപ്പിടിക്കുന്നത് കാണുന്നത് വലിയ നിരാശയാണ്. സമാധാന ശ്രമങ്ങള്ക്ക് ഇത് വിനാശകരമായ പ്രഹരവുമാണ്', സെലെന്സ്കി എക്സില് കുറിച്ചു.
മോദിയുമായി ഊഷ്മള ബന്ധം സൂക്ഷിക്കുന്ന പുടിന് റഷ്യയിലെത്തിയ ഉടന് തന്നെ മോദിയെ പ്രശംസിച്ചിരുന്നു. മോദിക്ക് ഇന്ത്യയിലെ ജനങ്ങള്ക്ക് ആത്മവിശ്വാസം നല്കാനായെന്ന് പുടിന് പറഞ്ഞപ്പോള് മൂന്നാം തവണയും അധികാരത്തില് എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. 22-ാമത് ഇന്ത്യ-റഷ്യ വാര്ഷിക ഉച്ചകോടിയില് പങ്കെടുക്കുന്നതിന് വേണ്ടി പ്രസിഡന്റ് വ്ളാഡിമിര് പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചത്. ഇരുനേതാക്കളും സമകാലിക, ആഗോള, പ്രാദേശിക വിഷയങ്ങള് കാഴ്ചപ്പാടുകള് കൈമാറുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില് പറഞ്ഞിരുന്നു.