ഭീകരർ പാകിസ്താനിൽ നിന്നുതന്നെ; ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങൾ, രക്ഷപ്പെടാൻ പ്രാദേശിക സഹായം

ആക്രമണം നടത്താനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പ്രദേശവാസികളിൽ നിന്ന് സഹായവും ലഭിച്ചതായാണ് സൂചന

dot image

ശ്രീനഗർ: കത്വയിൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയ ഭീകരർ എത്തിയത് പാകിസ്താനിൽ നിന്നെന്നും ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങളെന്നും റിപ്പോർട്ടുകൾ. ഇവർക്ക് ആക്രമണം നടത്താനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പ്രദേശവാസികളിൽ നിന്ന് സഹായവും ലഭിച്ചതായാണ് സൂചന.

എം 4 കാർബൈൻ റൈഫിളുകളും സ്ഫോടകവസ്തുക്കളുമാണ് ഭീകരർ ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണം നടത്താനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഭീകരർക്ക് പ്രാദേശികസഹായം ലഭിച്ചു. വാഹനഗതാഗതം അത്രകണ്ട് പ്രായോഗികമല്ലാത്ത റോഡിൽ, കുറഞ്ഞ വേഗതയിലായിരുന്നു സൈനിക വാഹനം വന്നുകൊണ്ടിരുന്നത്. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട്, ഭീകരർ അടുത്തുള്ള ഒരു കുന്നിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

ആക്രമണത്തിന് മുൻപ് ഭീകരർ പ്രദേശം സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭീകരർക്ക് മുഴുവൻ സമയ സഹായിയായി ഒരു പ്രാദേശിക ഗൈഡും ഉണ്ടായിരുന്നു. ഇയാളാണ് ആക്രമണം നടത്തേണ്ട സ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നും, ആക്രമണത്തിനുശേഷം ഭീകരരെ രക്ഷപ്പെടാൻ സഹായിച്ചതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, കത്വയിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ആറ് സൈനികർക്ക് പരിക്കേറ്റതായാണ് സൂചന. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഉണ്ടായ മേഖലയിലേക്ക് കൂടുതൽ സൈനികരെത്തിയിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഭീകരാക്രമണത്തെ അപലപിച്ചു. 'ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മുടെ ധീരരായ ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അഗാധമായ വേദനയുണ്ട്. ആറ് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിന് നേരെയുള്ള ഈ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു'; ഖാർഗെ എക്സിൽ കുറിച്ചു.

സംഭവത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു. ഭീകരാക്രമണങ്ങൾ തടഞ്ഞേ പറ്റുവെന്നും പൊള്ളയായ വാഗ്ദാനങ്ങളും നുണകളും മാത്രം പോരെന്നും രാഹുൽ പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us