ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ബദരീനാഥ് ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.ജോഷിമഠിലെ ചുംഗി ധറിലെ കുന്നിൻ്റെ ഒരു ഭാഗമാണ് തകർന്ന് റോഡിലേക്ക് വീണതിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. മണ്ണിടിച്ചിലിന്റെ ദ്യശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. കുന്നിൻ്റെ ഒരു ഭാഗം തകർന്ന് റോഡിലേക്ക് വീഴുന്നതും ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും സുരക്ഷയ്ക്കായി നെട്ടോട്ടം ഓടുന്നതും വീഡിയോയിൽ കാണാം.
മണ്ണിടിച്ചിലിൽ റോഡിൻ്റെ ഇരുവശങ്ങളിലും പാർക്കിങ് ചെയ്ത നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്. ബദരീനാഥ് ഹൈവേയിൽ രാവിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മണ്ണിടിച്ചിലിൻ്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് മാറ്റാൻ പൊലീസ് ശ്രമം നടത്തുകയാണ്. രാത്രിയോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത്, ഉദ്ദം സിംഗ് നഗർ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഭനേർപാനി-പിപാൽകോട്ടി നാഗ പഞ്ചായത്ത് റോഡിലും ഗതാഗതം തടസ്സപ്പെട്ടത്തോടെ നിരവധി യാത്രക്കാർ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം