മണിപ്പൂരില് വെടിവെപ്പ്; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

മണിപ്പൂർ പൊലീസും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് മണിപ്പൂർ പാെലീസ് ചൊവ്വാഴ്ച വൈകുന്നേരം സാമൂഹ്യമാധ്യമത്തില് കുറിച്ചു

dot image

ഗുവാഹത്തി: മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ വെടിവെപ്പുണ്ടായതിനെത്തുടര്ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഇവരിൽ നിന്ന് മൂന്ന് മിലിട്ടറി ഗ്രേഡ് തോക്കുകളും 1,300 ലധികം ബുള്ളറ്റുകളും പിടിച്ചെടുത്തു. തീവ്രവാദ വിരുദ്ധ സംഘടനയായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ സേന അറസ്റ്റ് ചെയ്ത മൂന്ന്പേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ കാംഗ്പോപിയിലെ എസ്പിയുടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടി. എൻഐഎയുടെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിപ്പൂർ പൊലീസും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് മണിപ്പൂർ പാെലീസ് ചൊവ്വാഴ്ച വൈകുന്നേരം സാമൂഹ്യമാധ്യമത്തില് കുറിച്ചു.

താങ്ജോയൽ ഹാവോകിപ് എന്ന താങ്ബോയ്, ഗൗലൻ എന്ന ജംഗ്ജൂലൻ ഖോങ്സായി, ഫ്രാങ്കി എന്ന ജംഗ്മിൻലുൻ സിങ്സൺ എന്നിവരാണ് പിടിയിലായത്. "അറസ്റ്റിലായവർ സമീപ കാലത്തെ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അറസ്റ്റിലായവരെയും പിടിച്ചെടുത്ത ആയുധങ്ങളും ആവശ്യമായ നിയമനടപടികൾക്കായി എൻഐഎയ്ക്ക് കൈമാറി", കുറിപ്പില് പറയുന്നു.

കുക്കി ഇൻപി, കമ്മറ്റി ഓൺ ട്രൈബൽ യൂണിറ്റി തുടങ്ങിയ കുക്കി ഗ്രൂപ്പുകൾ അവകാശപ്പെടുന്നത് മൂവരും " വില്ലേജ് വോളൻ്റിയർമാരാണ്" എന്നാണ്. അവർ സായുധരായ മെയ്തേയ് വിഭാഗക്കാരുടെയും മണിപ്പൂർ പൊലീസിൻ്റെയും ആക്രമണത്തിൽ നിന്ന് കുക്കി ഗ്രാമങ്ങളെ പ്രതിരോധിക്കാൻ ഏർപ്പെട്ടിരിക്കുന്നവരാണെന്നും പൊലീസ് അവകാശപ്പെടുന്ന ഒരു വിമത ഗ്രൂപ്പിലും അംഗങ്ങളല്ലെന്നും അവര് പറയുന്നു. കഴിഞ്ഞ വര്ഷം മെയ് മൂന്നിനാണ് മണിപ്പൂരില് മെയ്തേയ് , കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘര്ഷങ്ങള് പൊട്ടി പുറപ്പെട്ടത്. മെയ്തേയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്.

dot image
To advertise here,contact us
dot image