ഹൈദരാബാദ്: ട്രാൻസ് മാൻ ആയ സിവിൽ സർവീസ് ഓഫീസർക്ക് ഔദ്യോഗിക രേഖകളിലെ പേരും ലിംഗമാറ്റവും അംഗീകരിച്ചു നൽകി ധനകാര്യമന്ത്രാലയം. ഇന്ത്യൻ റവന്യൂ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥയായ എം അനുസൂയ തന്റെ പേര് എം അനുകതിർ സൂര്യ എന്നും ലിംഗം പുരുഷൻ എന്നും മാറ്റാൻ അപേക്ഷ നൽകിയിരുന്നു. ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു മാറ്റം.
'എം അനുസൂയയുടെ അപേക്ഷ പരിഗണിച്ചു. ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും ഉദ്യോഗസ്ഥൻ എം അനുകതിർ സൂര്യ ആയി അംഗീകരിക്കപ്പെടും'; ഉത്തരവിൽ പറയുന്നു. സർക്കാർ നടപടി പുരോഗമനപരവും ഇന്ത്യയിലെ ലിംഗ വൈവിധ്യത്തോടുള്ള മനോഭാവത്തിലെ നല്ല മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ മാതൃകയുമാണെന്ന് മുതിർന്ന ഐആര്എസ് ഉദ്യോഗസ്ഥർ പ്രശംസിച്ചു.
2013-ൽ ചെന്നൈയിൽ അസിസ്റ്റൻ്റ് കമ്മീഷണറായി നിയമിതനായ ഐആർഎസ് ഉദ്യോഗസ്ഥന് 2018-ൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. ചെന്നൈയിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഇദ്ദേഹം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത്. തുടർന്ന് നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈബർ ലോയിലും സൈബർ ഫോറൻസിക്സിലും പിജി ഡിപ്ലോമ നേടി.