ലക്നൗ: ഉത്തർപ്രദേശിലെ ശക്തമായ മഴയിൽ പതിനേഴ് പേർ കൂടി മരിച്ചു. ബൽറാംപൂർ, പിലിഭിത്, ശ്രാവസ്തി, കനൗജ്, പ്രയാഗ്രാജ്, കൗശാംബി, പ്രതാപ്ഗഢ് എന്നീ ജില്ലകളിൽ ഇടിമിന്നലേറ്റും പാമ്പുകടിയേറ്റും മുങ്ങിയുമാണ് ആളുകൾ മരിച്ചത്. പതിനേഴ് മരണങ്ങളിൽ പത്തും പ്രയാഗ്രാജ്, കൗശാമ്പി, പ്രതാപ്ഗഡ് എന്നിവിടങ്ങളിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ചൊവ്വാഴ്ച പിലിഭിത്തിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഏഴുപേരെ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തിയിരുന്നു.
പിലിഭിത്തിലെ വെള്ളപ്പൊക്കം അഞ്ച് താലൂക്കുകളിലായി 252 ഗ്രാമങ്ങളെ ബാധിച്ചതായി ദുരിതാശ്വാസ കമ്മീഷണർ ജിഎസ് നവീൻ കുമാർ അറിയിച്ചു. ഈ മേഖലയിലെ ജലനിരപ്പ് താഴ്ന്നതായും റിപ്പോർട്ടുകളുണ്ട്. ബിനൗറ ഗ്രാമത്തിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായി ഉത്തർപ്രദേശ് എമർജൻസിയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഏഴ് പേരെ രക്ഷപ്പെടുത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 7,365 പേരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയതായും ദുരിതാശ്വാസ കമ്മീഷണർ അറിയിച്ചു.
ബദരിനാഥ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ ; ഗതാഗതം തടസ്സപ്പെട്ടുലഖിംപൂർ ഖേരിയിലെ 41 ഗ്രാമങ്ങളിലും മഴയെ തുടർന്നുളള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ജില്ലയിലെ നിഘസൻ മേഖലയിൽ നിന്ന് 221 പേരെയാണ് ഒഴിപ്പിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്. ശ്രാവസ്തിയിലെ 82 ഗ്രാമങ്ങളും കുഷിനഗറിലെ 16 ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. ഷാജഹാൻപൂർ ജില്ലയിലെ വിജനമായ ഗ്രാമങ്ങളിൽ നിന്ന് 42 പേരെയും രക്ഷപ്പെടുത്തി.
മണിക്കൂറിൽ മൂന്ന് സെൻ്റീമീറ്റർ ജലനിരപ്പ് ഉയർന്നതോടെ അയോധ്യയിൽ മൂന്ന് കോടി രൂപ മുടക്കി നിർമിച്ച പുതിയ കെട്ടിടം ഒഴുകി പോയതായി റിപ്പോർട്ടുകളുണ്ട്. ഈ ജില്ലയിലെ താഴ്ന്ന പ്രദേശമായ മഞ്ചയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ അറിയിച്ചു. അയോധ്യയിൽ ഇപ്പോൾ വെള്ളപ്പൊക്ക സാഹചര്യമില്ലെന്നും, വെള്ളപ്പൊക്കത്തെ നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.