തിരിച്ചടിക്കാനുറച്ച് സൈന്യം; പാരാ യൂണിറ്റ് സജ്ജം; നാല് മേഖലകളിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് സംശയം

മിന്നലാക്രമണം വേണ്ടിവന്നാൽ അതിനായി കരസേനയുടെ ‘പാരാ’ യൂണിറ്റിനെയും സജ്ജമാക്കി

dot image

കത്വ: അഞ്ച് സൈനികരുടെ വീരമൃത്യുവിടയാക്കിയ കത്വ ഭീകരാക്രമണത്തിൽ തിരിച്ചടിക്കാനുറച്ച് സൈന്യം. ഭീകരവിരുദ്ധ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക സംഘം മേഖലയിലെത്തി.

ഭീകരർക്കായി രാത്രി വൈകിയും കൊടുംവനത്തിലടക്കം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കത്വ, ഉധംപൂർ എന്നിവയ്ക്ക് പുറമേ സമീപ ജില്ലകളിലും തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. കരസേന, പൊലീസ്, സിആർപിഎഫ് എന്നിവരടങ്ങുന്ന സംഘം മചേഡി, ബദ്നോട്, കിൻഡ്ലി, ലൊഹായ് മൽഹർ മേഖലകൾ അരിച്ചുപെറുക്കുകയാണ്. മിന്നലാക്രമണം വേണ്ടിവന്നാൽ അതിനായി കരസേനയുടെ പാരാ യൂണിറ്റിനെയും സജ്ജമാക്കി. കരമാർഗം നീങ്ങുന്ന ഭീകരവിരുദ്ധ സംഘത്തിന് ഹെലികോപ്ടറിൽ നിന്നും ഡ്രോണുകളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്.

മേഖലയിൽ ഇപ്പോൾ നാല് ഭീകരസംഘങ്ങള് സജീവമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്. ഇതിലേറെയും പാകിസ്ഥാന് പൗരന്മാരാണ്. ഭീകരവാദികൾക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിരുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്നുമുതൽ നാലുവരെ ഭീകരർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അനുമാനം.

അതേസമയം, വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം പോസ്റ്റ്മോര്ട്ടം പൂർത്തിയാക്കി അവരവരുടെ വീടുകളിലേക്ക് അയച്ചു. ബില്ലവറിലെ സബ് ജില്ല ആശുപത്രിയിലാണ് വീരമൃത്യു വരിച്ചവരുടെ പോസ്റ്റ്മോര്ട്ടം നടത്തിയത്. ഇവരെല്ലാം ഉത്തരാഖണ്ഡ് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റ എട്ട് സൈനികരിൽ ആറുപേരെ പത്താൻകോട്ട് സൈനിക ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം പ്രദേശത്തെ സ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. സംയുകത സൈനിക മേധാവിയും കരസേനാ മേധാവിയുമാണ് യോഗത്തിൽ പങ്കെടുത്തത്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാക് അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയുടെ കമാൻഡറുമായി ചർച്ചയും നടത്തിയിരുന്നു.

കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഉണ്ടായ മേഖലയിലേക്ക് കൂടുതൽ സൈനികരെത്തിയിരുന്നു. രജൗരി, കുൽഗാം മേഖലകളിൽ അടുപ്പിച്ചുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു കത്വയിലും ഭീകരാക്രമണം ഉണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us