'ഒന്നരക്കോടി, റഷ്യൻ പൗരത്വം'; കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന് വാഗ്ദാനവുമായി റഷ്യ

ഈ വാഗ്ദാനം ഒരു പിതാവ് സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ

dot image

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന് റഷ്യ പണവും പൗരത്വവും വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്. 1.3 കോടി രൂപയും പൗരത്വവും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവുമാണ് റഷ്യൻ സർക്കാർ വാഗ്ദാനം ചെയ്തതെന്നാണ് വിവരം.

കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളോടാണ് റഷ്യൻ അധികൃതർ വാഗ്ദാനം മുന്നോട്ടുവെച്ചത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഇന്ത്യക്കാരെ ഉടൻ വിട്ടയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം റഷ്യ അംഗീകരിച്ചതിന് പിന്നാലെയാണ് വാഗ്ദാനം. കൊല്ലപ്പെട്ട ഗുജറാത്ത് സ്വദേശി ഹെമിലിന്റെ പിതാവ് മൃതദേഹം ഏറ്റുവാങ്ങാൻ റഷ്യയിലെത്തിയപ്പോൾ അധികൃതർ 1.3 കോടി രൂപയും പൗരത്വവും വാഗ്ദാനം ചെയ്തെന്ന് പറയുന്നു.

ഈ വാഗ്ദാനം പിതാവ് സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ' ഇന്ത്യയിലെന്തുണ്ട്? എല്ലാം ശരിയായാൽ റഷ്യയിലേക്ക് മാറാൻ ഞങ്ങൾ തയ്യാറാണ്. ഇന്ത്യൻ പൗരത്വം കളയാൻ പോലും ഞാൻ തയ്യാറാണ്'; ഹെമിലിന്റെ പിതാവ് പറഞ്ഞു. റഷ്യയിലേക്ക് പോയയുടനെ തനിക്ക് ബാങ്ക് അക്കൗണ്ട് ലഭിച്ചെന്നും ഉടൻതന്നെ 45 ലക്ഷം രൂപ അധികൃതർ നൽകിയെന്നും റഷ്യൻ പൗരത്വം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു.

മരിച്ച മറ്റൊരു ഹൈദരാബാദ് സ്വദേശിയായ അസ്ഫാനിന്റെ അമ്മയ്ക്കും അധികൃതർ സമാന വാഗ്ദാനം നൽകിയതായാണ് റിപ്പോർട്ട്. റഷ്യൻ സൈന്യത്തിൻെറ ഭാഗമായ നിരവധി ഇന്ത്യക്കാരിൽ ഈ വർഷം മാത്രം നാല് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഏകദേശം അമ്പതോളം ഇന്ത്യക്കാരാണ് ജോലിതട്ടിപ്പിന്റെ ഇരകളായി റഷ്യയിലെത്തി സൈനികജോലി ചെയ്യുന്നത്, ഇവരിൽ തിരുവനന്തപുരം സ്വദേശികളായ മലയാളി യുവാക്കളും ഉണ്ടായിരുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുടിനോട് ഇക്കാര്യം സൂചിപ്പിച്ചത്. മറുപടിയായി ഉടൻ തന്നെ യുദ്ധമുഖത്തിലെ എല്ലാ ഇന്ത്യക്കാരെയും ഒഴിവാക്കാനുളള തീരുമാനം പുടിൻ എടുക്കുകയായിരുന്നു. ഇതോടെ ഈ വിഷയത്തിൽ വലിയ നയതന്ത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us