ശ്രീനഗര്: പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകളും മാധ്യമ ഉപദേഷ്ടാവുമായ ഇല്ത്തിജ മുഫ്തിയുടെ ഫോണ് ഹാക്ക് ചെയ്തതായി ആരോപണം. പെഗാസസ് ചാരസോഫ്റ്റ്വെയര് വഴി ഫോണ് ഹാക്ക് ചെയ്തെന്ന് ഇല്തിജ എക്സിലൂടെ ആരോപിച്ചു.
രാഷ്ട്രീയ എതിരാളികളെയും വിമര്ശകരെയും വേട്ടയാടാന് കേന്ദ്രസര്ക്കാര് ആയുധമാക്കിയ പെഗാസസ് തന്റെ ഫോണ് ഹാക്ക് ചെയ്തെന്ന് മുന്നറിയിപ്പ് ആപ്പിള് നല്കിയെന്നാണ് ഇല്തിജ ട്വിറ്ററിലൂടെ അറിയിച്ചത്. ആപ്പിള് അയച്ച മുന്നറിപ്പ് സന്ദേശവും ഇല്തിജ പങ്കുവെച്ചു. ബിജെപിയുടെ താല്പര്യത്തിനെതിരെ നില്ക്കുന്ന വനിതാ നേതാക്കളെ അനാവശ്യമായി പിന്തുടരുകയാണെന്നും എത്രത്തോളം അധഃപതിക്കാന് കഴിയുമെന്നും ഇല്ത്തിജ ചോദിച്ചു.
Got an Apple alert that my phone’s been hacked by Pegasus which GOI has admittedly procured & weaponised to harass critics & political opponents. BJP shamelessly snoops on women only because we refuse to toe their line. How low will you stoop? @PMOIndia @HMOIndia pic.twitter.com/ohzbCO8txI
— Iltija Mufti (@IltijaMufti_) July 10, 2024
അതേസമയം പെഗാസസ് സോഫ്റ്റ് വെയര് മാധ്യമ പ്രവര്ത്തകര്ക്കെതിരെ ഉപയോഗിച്ചെന്ന ആരോപണം ഉയര്ന്നപ്പോഴെല്ലാം തള്ളുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ദ് വയര് എഡിറ്റര് സിദ്ധാര്ഥ് വരദരാജന്, ഒസിസിആര്പി റീജിയണല് എഡിറ്റര് ആനന്ദ് മഗ്നാലെ എന്നിവരുടെ ഫോണുകളില് പെഗസസ് സാന്നിധ്യം കണ്ടെത്തിയതായി അമേരിക്കന് മാധ്യമമായ വാഷിങ്ടണ് പോസ്റ്റ് റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതിന് പുറമെ മഹുവ മൊയ്ത്ര, ശശി തരൂര്, സീതാറാം യെച്ചൂരി, പവന് ഖേര, അഖിലേഷ് യാദവ്, കെ സി വേണുഗോപാല് തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെയടക്കം ഫോണ് ചോര്ത്തിയെന്ന ആരോപണവും ഉയര്ന്നിരുന്നു.