മംഗളുരു: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത ബിജെപി എംഎൽഎക്കെതിരെ പ്രതിഷേധം കനക്കുന്നു. മംഗളുരു നോർത്ത് എംഎൽഎ ഭരത് ഷെട്ടിയാണ് രാഹുലിനെ മർദ്ദിക്കാൻ ആഹ്വാനം ചെയ്തത്.
പാർലമെന്റിൽ നന്ദിപ്രമേയത്തിനുള്ള രാഹുലിന്റെ മറുപടിപ്രസംഗമാണ് ഭരത് ഷെട്ടിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരുപാടിയിലായിരുന്നു എംഎൽഎയുടെ മർദ്ദനാഹ്വാനം ഉണ്ടായത്. ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ രാഹുലിനെ പാർലമെന്റിൽ പൂട്ടിയിട്ട് മുഖത്തടിക്കണം എന്നതായിരുന്നു ഭരത് ഷെട്ടിയുടെ പരാമർശം.
'ഹിന്ദുക്കൾക്ക് ആയുധങ്ങൾ ഉപയോഗിക്കാൻ അറിയാം. പക്ഷെ ഞങ്ങൾ സ്വയം ഉറക്കം നടിക്കുകയായിരുന്നു. രാഹുൽ ഹിന്ദുക്കളെ ഉണർത്തിയിരിക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ പാർലമെന്റിൽ പൂട്ടിയിട്ട് മുഖത്തടിച്ചെങ്കിൽ എന്നാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം'; ഭരത് ഷെട്ടി പറഞ്ഞു.
ഈ പരാമർശം കൊണ്ടൊന്നും രാഹുലിനെ വിടാനും അദ്ദേഹം തയ്യാറായില്ല. കേരളത്തിൽ പോയാൽ മതേതരവാദിയായും തമിഴ്നാട്ടിൽ പോയാൽ അവിശ്വാസിയായും അഭിനയിക്കുന്ന രാഹുൽ, ഗുജറാത്തിൽ ശിവഭക്തനാകുന്നതെന്ത് കൊണ്ടെന്നും ഭരത് ഷെട്ടി വിമർശിച്ചു.
വലിയ പ്രതിഷേധമാണ് ഭരതിന്റെ ഈ പരാമർശങ്ങളിൽ ഉണ്ടാകുന്നത്. മംഗലുരുവിലെ കോൺഗ്രസ് നേതാക്കൾ സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് പരാമർശത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുലിന്റെ 'ഹിന്ദു' പരാമർശം സഭയ്ക്കകത്തും പുറത്തും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജെപി ഇത്തരം പരാമർശങ്ങൾക്കെതിരെ രംഗത്ത് വന്നപ്പോൾ രാഹുലിന്റെ പരാമർശങ്ങളിൽ യാതൊരു ഹിന്ദു വിരുദ്ധതയുമില്ലെന്ന് ചൂണ്ടിക്കാട്ടി സ്വാമി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രസംഗത്തിൽനിന്നുമുള്ള 'ഹിന്ദു', 'അഗ്നിവീർ' പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കിയിരുന്നു.
ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ രാഹുല് ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നൽകിയിരുന്നു. രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളിൽനിന്ന് പരാമർശം നീക്കിയത്. ഇവ കൂടാതെ ബിജെപി, ആർഎസ്എസ് എന്നിവർക്കെതിരായ പരാമർശങ്ങളും നീക്കി.